Skip to main content

കമ്മീഷനോട് നിഷേധാത്മകത കാണിക്കുന്നു: വനിത കമ്മീഷന്‍ അധ്യക്ഷ

വനിത കമ്മീഷനോട് നിഷേധാത്മകത കാണിക്കുന്ന ഒരു തെറ്റായ പ്രവണതയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കമ്മീഷനില്‍ പരാതി നല്‍കിയിട്ട് വാദിയും പ്രതിയും ഹാജരാകാതിരിക്കുക, കമ്മീഷന്‍ വിളിച്ചിട്ട് വരാതിരിക്കുക തുടങ്ങിയ രീതികള്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ അവര്‍ വ്യക്തമാക്കി. രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ നടത്തിയ മെഗാ അദാലത്തില്‍ 204  പരാതികള്‍ പരിഗണിച്ചു. ഇതില്‍ 64 എണ്ണം തീര്‍പ്പാക്കി. 101  എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ടു ദിവസങ്ങളിലായി  കക്ഷികള്‍ ഹാജരാകാതിരുന്നതില്‍ 49 പരാതികള്‍ മാറ്റി.

  ഭൂമി സംബന്ധമായ പരാതികളാണ് ജില്ലയില്‍ ഏറെയും. വിദ്യാ സമ്പന്നരെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ അജ്ഞരാണെന്നാണ് പരാതി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. പോലീസ് സ്റ്റേഷനില്‍ പാരാതി നല്‍കിയാല്‍ ആവശ്യപ്പെട്ടില്ലെങ്കിലും രസീത് നല്‍കണമെന്ന് ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശിച്ചു. യഥാസമയം പരാതി നല്‍കാനോ രസീത് കൈപ്പറ്റാനോ ധൈര്യ സമേതം പരാതി വിശദീകരിക്കാനോ പരാതിക്കാര്‍ക്ക് കഴിയാതെ വരുന്നതും കമ്മീഷന്റെ ഇടപെടലിന് തടസ്സമാകാറുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല. മറ്റ് പരാതികളുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ടു വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. കമ്മീഷന്‍ അംഗം ഷിജി ശിവജി, ഡയറക്ടര്‍ വി.യു കുര്യാക്കോസ് എസ്‌ഐ എല്‍.രമ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date