റിപ്പബ്ലിക് ദിനാഘോഷം; പൊതു നിരത്ത് ശുചീകരണം 25ന്
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 25ന് ജില്ലയിലെ എല്ലാ പ്രധാന പൊതു നിരത്തുകളും ശുചീകരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണത്തില്‍ ഹരിതകര്‍മ്മസേന, സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുക്കും.
ഒരു കിലോമീറ്ററില്‍ നാല് ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ വീതം ശുചീകരണത്തിന് നേതൃത്വം നല്‍കും. ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ അതത് മേഖലകളില്‍തന്നെ കുഴിച്ചു മൂടും. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, കവറുകള്‍, നാപ്കിനുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവ തരം തിരിച്ച് ശേഖരിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ എം.സി.എഫുകളില്‍ എത്തിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ക്ലീന്‍ കേള കമ്പനിക്ക് കൈമാറും. റോഡിന്‍റെ വശങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൂട്ടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാരംഭ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആലോചനായോഗത്തില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.
വാഹനങ്ങളിലെത്തി വഴിയരികില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിഴ ചുമത്തുന്നതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വേണം. തോടുകളിലേക്കും ഓടകളിലേക്കും മാലിന്യക്കുഴലുകള്‍ വച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ജനത്തിരക്കുള്ള പ്രധാന നിരത്തുകള്‍ക്കു സമീപം ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments