Skip to main content

ആര്‍ദ്രം ജനകീയ കാമ്പയിന്‍,ആര്‍ദ്ര വിദ്യാലയം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യത്തോടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആര്‍ദ്രം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആര്‍ദ്ര വിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനവും  മന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിച്ചു. , സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റ് പദ്ധതിയുടെ മൂന്നാം ബാച്ചിന്റെ പാസിങ് ഔട്ടും ചടങ്ങില്‍ നടന്നു.

      ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും അതിനനുസൃതമായി തങ്ങളുടെ ജീവിതശൈലി മാറ്റിയെടുക്കാനും ഉദ്ദേശിച്ച് നടപ്പാക്കുന്നതാണ് ആര്‍ദ്രം ജനകീയ കാമ്പയിന്‍. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വിവിധ വ്യായാമമുറകള്‍, പുകയില ഉത്പ്പന്നങ്ങള്‍, മദ്യം, മയക്ക് മരുന്ന് എന്നിവയില്‍ നിന്നുള്ള വിമുക്തി, ശുചിത്വശീലങ്ങളും മാലിന്യ നിര്‍മ്മാര്‍ജനവും എന്നിവയാണ് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ലക്ഷ്യങ്ങള്‍.  

    സുരക്ഷിത വയനാട് യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശ്രുശ്രൂഷയില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നതാണ് ആര്‍ദ്ര വിദ്യാലയം പദ്ധതി. പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഹെല്‍ത്ത് കോര്‍ണര്‍ സ്ഥാപിച്ച് അടിയന്തരഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയും ആരോഗ്യ ബോധവും സൃഷ്ടിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ആര്‍ദ്രം മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവയുടെ സഹകരണത്തോടെയാണ് ആര്‍ദ്രവിദ്യാലയം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ആര്‍ദ്രം കോര്‍ണര്‍ സ്ഥാപിക്കും. ഒരു ഡോക്ടര്‍ക്ക് സ്‌കൂളിന്റെ ചുമതല നല്‍കി ചങ്ങാതി ഡോക്ടറാക്കും. പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നത്. എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ ജില്ലയില്‍ പഠിക്കുന്ന 80,000 വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കും. ഇതിനായി കുട്ടി ഡോക്ടര്‍മാര്‍ക്കും വിവിധ വകുപ്പുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ക്കും ഓരോ സ്‌കൂളിലെയും ഒരു ടീച്ചറെ ഹെല്‍ത്ത് ടീച്ചറാക്കി മൂന്നു ദിവസത്തെ പരിശീലനം നല്‍കും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം. ഒന്നര മാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തിലാണ് സ്‌കൂളുകളില്‍ ആര്‍ദ്രം കോര്‍ണര്‍ സജ്ജമാക്കുക. ഫസ്റ്റ് എയ്ഡ് ബോക്‌സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ടേബിള്‍, കൂളര്‍ എന്നിവ ആര്‍ദ്രം കോര്‍ണറിലുണ്ടാകും. ദേശീയ ആരോഗ്യ ദൗത്യം, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഐ.ഇ.സി (ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) അവബോധ ബോര്‍ഡുകളും സ്ഥാപിക്കും. പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ് മറ്റ് അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസ്സിലാക്കാം. പരിശീലനം നേടിയ ഹെല്‍ത്ത് ടീച്ചര്‍മാര്‍ക്കായിരിക്കും ആര്‍ദ്രം കോര്‍ണറിന്റെ ചുമതല. പി.ടി.എ യുടെ സഹകരണത്തോടെ അമ്മമാരുടെ സേവനവും ലഭ്യമാക്കും. സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെ ചങ്ങാതി ഡോക്ടറാക്കി ഇതിന്റെ ചുമതല നല്‍കും. സകൂളില്‍ നിന്നും വരുന്ന ആദ്യ കോള്‍ സ്വീകരിച്ച് വേണ്ടത്ര മാര്‍ഗ നിര്‍ദേശം നല്‍കുക എന്നതാണ് ഈ ഡോക്ടറുടെ ചുമതല. ഡോക്ടര്‍ വരാതെ തന്നെ കുട്ടിയ്ക്ക് എവിടെ ചികിത്സ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കും. മാസത്തില്‍ ഒരിക്കലെങ്കിലും ഈ ഡോക്ടര്‍ ഹെല്‍ത്ത് കോര്‍ണര്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വിലയിരുത്തും. ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ചായിരിക്കും ചങ്ങാതി ഡോക്ടര്‍ പ്രവര്‍ത്തിക്കുക.

     ആരോഗ്യകേരളം വയനാട് ആവിഷ്‌കരിച്ച സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റ് പദ്ധതിയുടെ മൂന്നാം ബാച്ചിന്റെ പാസിങ് ഔട്ടും പരിപാടിയില്‍ നടന്നു. കൗമാര ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട് ആരോഗ്യകേരളം വയനാട് ആവിഷ്‌കരിച്ചതാണ് സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റ് പദ്ധതി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 1032 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി. മൂന്നാം ഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 333 വിദ്യാര്‍ത്ഥികളുടെ പാസിങ് ഔട്ടാണ് നടന്നത്. ആര്‍ദ്ര വിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇവരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍.

    കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ആര്‍ദ്ര വിദ്യാലയം പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുട്ടി ഡോക്ടര്‍മാരുടെ കൈയ്യെഴുത്ത് മാസിക കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് പ്രകാശനം ചെയ്തു. സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കിയ ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലെസ് എജ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ അനസ്‌തേഷ്യയുടെയും പ്രവര്‍ത്തകര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.ബി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

date