Skip to main content

വീടെന്ന സ്വപ്നം യാഥാത്ഥ്യമാകുന്നത് കുടുംബത്തിലെ എല്ലാവരും  സന്തോഷവാന്മാരാകുമ്പോള്‍: തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത

ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാവരും സമാധാനമായി സന്തോഷത്തോടെ കഴിയുമ്പോഴാണ് അത് വീടാകുന്നതെന്ന് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കുടുംബങ്ങളില്‍ ചിലവുകള്‍ ചുരുക്കി, മദ്യത്തേയും മയക്കുമരുന്നിനേയും ഒഴിവാക്കി ജീവിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍  അവ വീടായി മാറുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. തിരുവല്ല നഗരസഭയുടെ ലൈഫ്, പി.എം.എ.വൈ.(ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും എം.ജി.എം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭയില്‍ 2020ല്‍ ഒരു ഭവന രഹിതന്‍ പോലും ഉണ്ടാകുവാന്‍ പാടില്ല എന്നതാണ് ഈ വര്‍ഷത്തെ മുനിസിപ്പാലിറ്റിയുടെ തീരുമാനം. 214 വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഭവനരഹിതര്‍ക്കായുള്ള ഫ്‌ളാറ്റ് സമുച്ചയം തിരുമൂലപുരത്ത് നിര്‍മ്മിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ പറഞ്ഞു.

ലൈഫ് മിഷന്‍, പി.എം.എ.വൈ ഭവനനിര്‍മാണപദ്ധതി പ്രകാരം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളില്‍ അര്‍ഹരായവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തിരുത്തലുകള്‍, റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യല്‍, പുതിയ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ്, തിരുത്തലുകള്‍, തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തവും, തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സൊസൈറ്റികളുടെ അംഗമാക്കല്‍, പട്ടികജാതി/ പട്ടികവര്‍ഗ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ പരിചയപ്പെടുത്തല്‍, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സൗജന്യ വൈദ്യപരിശോധന, ജീവിതശൈലി രോഗ ബോധവത്കരണ ക്ലിനിക്കുകള്‍, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍, സാക്ഷ്യപത്ര വിതരണം, മാലിന്യ സംസ്‌കരണ ബോധവത്കരണം എന്നിവ ലൈഫ് കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തി.

നഗരവികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കാഞ്ഞിരത്തുംമൂട്ടില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന സാമുവല്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ സാറാമ്മ, കൗണ്‍സിലര്‍മാരായ ആര്‍.ജയകുമാര്‍, സി.മത്തായി, രാധാകൃഷ്ണന്‍ വേണാട്ട്, ഷാജി തിരുവല്ല, എം.കെ നിസാമുദീന്‍, സുരേഷ് കുമാര്‍, അജിത, നാന്‍സി, ജയശ്രീ മുരിക്കനാട്ടില്‍, ബിജു ലങ്കാഗിരി, ജില്ലാ സപ്ലൈസ് ഓഫീസര്‍ എം.എസ്. ബീന, നഗരസഭാ സെക്രട്ടറി വി.സജികുമാര്‍,  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, ലൈഫ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, പ്രോജക്ട് ഓഫീസര്‍ അജി എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date