Skip to main content
മതസൗഹാർദവുമായി ബന്ധപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത സാമുദായിക സംഘടന പ്രതിനിധികളുടെയും യോഗം കലക്ടറുടെ ചേംബറിൽ

സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി ആഹ്വാനം

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായും പ്രതികൂലമായും ജില്ലയില്‍ നടക്കുന്ന പ്രതിഷേധങ്ങളും പരിപാടികളും പൂര്‍ണമായും സമാധാനപരമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു. പരിപാടികളിലെ മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍, പ്ലക്കാര്‍ഡുകള്‍ തുടങ്ങിയവ പ്രകോപനപരമോ മതസ്പര്‍ധ ഉളവാക്കുന്നതോ ആവരുത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ  സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ സൈബര്‍ സെല്‍ ശക്തമായി നിരീക്ഷിച്ചുവരികയാണ്. കുറ്റക്കാര്‍ക്കെതിരേ സൈബര്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതര്‍ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമാണെങ്കിലും അതിനുപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണം. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനങ്ങളില്‍ പലതും സഭ്യേതരമായ ഭാഷയിലാണ്. ഇക്കാര്യത്തിലും പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുകൂടുന്ന നാടാണ് നമ്മുടേത്. ജനങ്ങള്‍ക്കിടയില്‍ അവിശ്വാസവും സ്പര്‍ധയുമുണ്ടാക്കുന്ന ബോര്‍ഡുകളും പോസ്റ്ററുകളും മറ്റും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും കക്ഷി നേതാക്കള്‍ അഭ്യര്‍ഥിച്ചു. സബ് കലക്ടര്‍മാരുടെ നേതൃത്വത്തിലും സിഐമാരുടെയും നേതൃത്വത്തില്‍ പ്രാദേശികതലത്തിലും സമാധാന യോഗങ്ങള്‍ വിളിച്ചുകൂട്ടാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, ഡിവൈഎസ്പി എ വി പ്രദീപ്, വിവിധ പാര്‍ട്ടി നേതാക്കളായ കെ പി സഹദേവന്‍ (സിപിഐഎം), സി പി ഷൈജന്‍ (സിപിഐ), കെ സി മുഹമ്മദ് ഫൈസല്‍ (ഐഎന്‍സി), പി സത്യപ്രകാശ് (ബിജെപി), അഡ്വ. അബ്ദുല്‍ കരീം ചേലേരി (ഐയുഎംഎല്‍), അസ്ലം പടിക്കല്‍ (ഐഎന്‍എല്‍), മാണിക്കര ഗോവിന്ദന്‍ (സിഎംപി), ഒ രാഗേഷ്, ജയരാജന്‍ മാസ്റ്റര്‍ (ആര്‍എസ്എസ്), കെ സി ജോസഫ് ജേക്കബ് (കേരള കോണ്‍ഗ്രസ്), ജോസ് ചെമ്പേരി (കേരള കോണ്‍ഗ്രസ് ബി), ബഷീര്‍ കണ്ണാടിപ്പറമ്പ്, അബ്ദുല്ല മന്ന (എസ്ഡിപിഐ), ജോസഫ് കോക്കാട് (കേരള കോണ്‍ഗ്രസ് ബി), വി കെ ഗിരിജന്‍ (ലോക് താന്ത്രിക് ജനതാദള്‍), പി മോഹനന്‍ (ആര്‍എസ്പി), എം പ്രഭാകരന്‍, ഹംസ എന്‍പി (ബിഎസ്പി), ഹുസൂല്‍ ശിരസ്തദാര്‍ പി വി അശോകന്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

date