Skip to main content

മൃഗസംരക്ഷണ മേഖലയുടെ സാധ്യതകള്‍ യുവതലമുറ ഉപയോഗപ്പെടുത്തണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

    മൃഗസംരക്ഷണ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവതലമുറ മുന്നോട്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂര്‍ണാദേവി പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ മൃഗക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. കൃഷി പോലെ ഏറെ തൊഴില്‍ സാധ്യതകളുള്ള ഒരു മേഖലയാണ് മൃഗസംരക്ഷണം. ഇതിന്റെ സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇതിന് മാറ്റം വരുത്തുന്നതിന് യുവതലമുറയാണ് ശ്രമിക്കേണ്ടത്. മൃഗങ്ങളോടും പ്രകൃതിയോടും പ്രതിബദ്ധത പുലര്‍ത്തേണ്ട ബാധ്യത നമുക്കുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. 
നഗരസഭാധ്യക്ഷ രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് പ്രൊഫ. കല്‍പ്പന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എലിസബേത്ത് അബു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എലിസബേത്ത് ദാനിയേല്‍, മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.അംബികാ ദേവി, ജന്തുശാസ്ത്ര വിഭാഗം തലവന്‍ ഡോ. ആര്‍.സുനില്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഇ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 ഗ്രാമീണ വികസനം സാധ്യമാക്കിയ മൃഗസംരക്ഷണ മേഖല  വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ റാന്നി അസി. പ്രോജക്ട് ഓഫീസര്‍ ഡോ.മിനിസാറാകുര്യന്‍ മോഡറേറ്ററായിരുന്നു. മൃഗസംരക്ഷണ വകുപ്പ് പി.ആര്‍.ഒ. ഡോ.എം.മാത്യു വിഷയാവതരണം നടത്തി. മൃഗസംരക്ഷണ മേഖലയിലെ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് സ്റ്റേറ്റ് പി.ആര്‍.ഒ. ഡോ. ഡി.ഷൈന്‍കുമാര്‍ ക്ലാസ് നയിച്ചു. സെമിനാറിനോടനുബന്ധിച്ച് നടന്ന പ്രശ്‌നോത്തരി മത്സരത്തില്‍ ജേക്കബ് കെ.രാജന്‍, ജിജോ.സി ജോസഫ് എന്നിവര്‍ ഒന്നാം സ്ഥാനവും, ഷമീന ബീഗം എ, മഞ്ജു എന്നിവര്‍ രണ്ടാം സ്ഥാനവും, സാന്‍സി ഡാനിയേല്‍, ഷാന്റി എല്‍.ബിജു എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ലോഗോ ഡിസൈന്‍ മത്സരത്തില്‍ അര്‍ജ്ജുന്‍ വി.എസ്., അനീസ് ലിസി ജയിംസ് എന്നിവരും അനുയോജ്യമായ പേര് നിര്‍ദ്ദേശിച്ചതില്‍ കെ. അപര്‍ണയും വിജയികളായി.                              

date