Skip to main content

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി വയനാടിന്റെ ചരിത്രം മാറ്റിയെഴുതി                                               : മന്ത്രി പി.തിലോത്തമന്‍

 ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ 12476 വീടുകള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചത് മികച്ച നേട്ടമാണെന്നും ഈ  ചുവടുവെപ്പ് വയനാടിന്റെ ചരിത്രം മാറ്റിയെഴുതിയെന്നും  ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ്) ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും കല്‍പ്പറ്റ ചന്ദ്രഗിരിയില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭവനരഹിതരായ 2 ലക്ഷം കുടംബങ്ങള്‍ക്കാണ് ഈ പദ്ധതി തണലൊരുക്കിയത്. 4800 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടത്തില്‍ സര്‍ക്കാര്‍ ചെലവിട്ടത്.  മൂന്നാം ഘട്ടത്തില്‍  1.07 ലക്ഷം പേര്‍ക്കാണ് വീടൊരുക്കേണ്ടത്. ഭവനസമുച്ചയങ്ങളാണ് ഇവര്‍ക്കായി നിര്‍മ്മിക്കുക. വലിയൊരു വെല്ലുവിളിയാണ് മുന്നിലുളളത്. അനുഭവങ്ങളുടെ കരുത്തില്‍ ഇതും അതിജീവിക്കും. വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികള്‍ പ്രകാരം  ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കിയിട്ടും പല കാരണത്താല്‍  സ്വന്തമായൊരു വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത 56256 കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുഖ്യപങ്ക് വഹിക്കണമെന്ന്  മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ജില്ലയില്‍ ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും മുഴുവന്‍ വീടുകള്‍ പൂര്‍ത്തികരിച്ച പനമരം ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച പൂതാടി ഗ്രാമ പഞ്ചായത്തിനും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി.
    സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.സിബി വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍,ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ പ്രദര്‍ശനവും ജില്ലാ സംഗമത്തില്‍ ഒരുക്കിയിരുന്നു.

date