Skip to main content

പൊതുവിതരണമേഖല അഴിമതി രഹിതമാക്കും:                                                 മന്ത്രി പി.തിലോത്തമന്‍

   പൊതുവിതരണമേഖലയിലെ അഴിമതി തടയുന്നതിനും പൊതുജനങ്ങള്‍ക്ക് സുതാര്യമായ സേവനം ഉറപ്പ് വരുത്തുന്നതിനുമുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പൂതാടി പഞ്ചായത്തിലെ വാകേരിയില്‍ പുതിയതായി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് കൃത്യമായ റേഷന്‍ വിഹിതം ഉറപ്പാക്കുന്നതിനായി റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട വിഹിതം കൃത്യമായി ത്രാസില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ ബില്ല് പ്രിന്റ് ചെയ്ത് വരുകയുള്ളു. അതോടൊപ്പം റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുകയും പ്രത്യേക കളര്‍ കോഡുകള്‍ വാഹനത്തിന് നല്‍കും. ഗോഡൗണുകളില്‍ സി.സി.ടി.വി ക്യാമറ ഘടിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.റേഷന്‍ ഔദാര്യമല്ല മറിച്ച് അവകാശമാണെന്നും എല്ലാവരും റേഷന്‍ കടകള്‍ ഉപയോഗപ്പെടുത്തി മിച്ച റേഷന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

    സംസ്ഥാനത്ത് 1600 വില്‍പ്പനശാലകള്‍ സൃഷ്ടിച്ചതിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ വില്‍പ്പന ശൃംഖലയായി സപ്ലൈകോ മാറിയെന്ന് മന്ത്രി പറഞ്ഞു. 170 കേന്ദ്രങ്ങളില്‍ ഗൃഹോപകരണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്നുണ്ട്. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ ഉള്‍പ്പെടെ എല്ലാ ഉപഭോക്തൃ ഉത്പന്നങ്ങളും സപ്ലൈകോ വഴി വില്‍പ്പന നടത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുത്തക കമ്പനികളുടെ കമ്പോളത്തില്‍ ഇടപെട്ട് ന്യായവിലയ്ക്ക് ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

   ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം ആദ്യ വില്‍പ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ദിലീപ് കുമാര്‍, ലത ശശി, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, സപ്ലൈകോ കോഴിക്കോട് റീജിയണല്‍ മാനേജര്‍ എന്‍. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒ.ആര്‍ രഘു, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
   

date