Skip to main content

ജനമൈത്രീ എക്‌സൈസ് ജില്ലയില്‍ വ്യാപിപ്പിക്കും-                                                     ജില്ലാ കളക്ടര്‍ എസ്.സുഹാസ്

 

    ജില്ലയില്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജനമൈത്രീ എക്‌സൈസ് സംവിധാനം മുഴുവന്‍ താലൂക്കിലേക്കും വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന്  ജില്ലാ കളക്ടര്‍ എസ്.സുഹാസ്.  കളക്‌ട്രേറ്റില്‍ ചേര്‍ന്ന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ജില്ലാതല പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനമൈത്രീ എക്‌സൈസ് സംവിധാനം നടപ്പാക്കിയ മാനന്തവാടി താലൂക്കില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈത്തിരി,സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലും കൂടി നടപ്പാക്കിയാല്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കഴിയുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചപ്പോഴാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. യോഗത്തില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.  ഡിസംബര്‍ 21 മുതല്‍ ജനുവരി 29 വരെ എക്‌സൈസ് 339 റെയ്ഡുകള്‍ നടത്തി  79 അബ്ക്കാരി കേസുകളും 37 എന്‍.ഡി.പി.എസ് കേസുകളും 161 കോട്പാ കേസുകളും എടുത്തിയിട്ടുണ്ട്. 122.7 ലിറ്റര്‍ വിദേശ മദ്യം, 2.7 കിലോഗ്രാം കഞ്ചാവ്, 10.75 ലിറ്റര്‍ ചാരായം,539 ലിറ്റര്‍ വാഷ്, 65 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യം, 6.2 ഗ്രാം ഹാഷിഷ്, 0.18മി.ലി എല്‍.എസ്.ഡി, 3554 ലഹരി ഗുളികകള്‍,  557 കി.ഗ്രാം പുകയില ഉല്‍പ്പന്നള്‍ എന്നിവയും എക്‌സൈസ് വകുപ്പ് തൊണ്ടിമുതലായി കണ്ടെത്തിയിട്ടുണ്ട്.ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി സ്‌കൂള്‍,കോളേജുകള്‍ കേന്ദ്രീകരിച്ച്  എക്‌സൈസ് വകുപ്പ് 9 ബോധവത്ക്കരണ ക്ലാസുകളും വിവിധ ആദിവാസി കോളനികളില്‍ 76 സന്ദര്‍ശനങ്ങളും 22 ബോധവത്ക്കരണ ക്ലാസുകളും നടത്തിയതായും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലഹരി വിരുദ്ധ സന്ദേശപ്രചരണാര്‍ത്ഥം 19 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തല കബഡി മത്സരം നടത്തി. മാനന്തവാടി താലൂക്കില്‍ വിവിധ ആദിവാസി കോളനികളിലെ പ്ലസ്ടു,എസ്.എസ്.എല്‍.സി വിജയിച്ചതും അല്ലാത്തതുമായ 35 ഓളം യുവതീയുവാക്കള്‍ക്കായി  എല്ലാ ഞായറാഴ്ചകളിലും കരിയര്‍ പരിശീലനക്ലാസുകള്‍ നടത്തിവരുന്നതായി യോഗത്തില്‍ എക്‌സൈസ് വിഭാഗം അറിയിച്ചു.യോഗത്തില്‍ മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി.മുരളീധരന്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date