Skip to main content
ഗദ്ദിക 2020 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാ     ടനം ചെയ്യുന്നു

ഗദ്ദിക 2020ന് തിരിതെളിഞ്ഞു; കണ്ണൂരില്‍ ഇനി തുടിതാളം

കാടിന്റെ ഈണവും കാട്ടുതേനിന്റെ രുചിയും പകര്‍ന്ന് ഗദ്ദിക 2020. ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഇനി പത്തുനാള്‍ കണ്ണൂരിന് ഉത്സവം. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് നാടന്‍ കലാ ഉത്പന്ന മേള - ഗദ്ദിക 2020 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ തുടി ഉണര്‍ന്നു.
അന്യവല്‍ക്കരിക്കപ്പെടുന്ന അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം രണ്ടു വീതം ഗദ്ദിക മേളകള്‍ സംഘടിപ്പിക്കുന്നത്. അടിസ്ഥാന വിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പങ്ങള്‍ക്കു മികച്ച വേദി ഒരുക്കുകയാണ് ഗദ്ദികയുടെ ലക്ഷ്യം. തനതു രുചികളും  പാരമ്പര്യ ഉത്പന്നങ്ങളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാകും. ഗോത്ര ഭക്ഷണത്തിനു പുറമെ അന്യം നിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങളും ഗോത്ര വൈദ്യവും നേരിട്ടനുഭവിച്ചറിയാനുള്ള അവസരമാണ് ഗദ്ദിക നല്‍കുന്നത്. പരമ്പരാഗത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും, അവയ്ക്ക് നല്ല വിപണി ഒരുക്കി മികച്ച വരുമാനം ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റം  ലക്ഷ്യമാക്കി പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന മേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ സംരംഭകര്‍ക്ക് ലഭിക്കും.
പൊതുവിപണിയില്‍ സാധാരണ ലഭ്യമാകാത്ത ശുദ്ധമായ തനത് ഉല്പന്നങ്ങളായ മുള, ചൂരല്‍ ഈറ്റ, മരത്തടി തുടങ്ങിയവ കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍, കരകൗശല ഉല്‍പന്നങ്ങള്‍, പാത്രങ്ങള്‍, ചിത്രങ്ങള്‍, വന വിഭവങ്ങളായ മുളയരി, റാഗി, കാട്ടു തേന്‍, ശര്‍ക്കര, കസ്തുരി മഞ്ഞള്‍, രാമച്ചം തുടങ്ങി സുഗന്ധ ദ്രവ്യങ്ങള്‍, ഒറ്റമൂലികള്‍, അപൂര്‍വ ഔഷധക്കൂട്ടുകള്‍ തുടങ്ങിയവയും മേളയിലുണ്ട്. ആവിക്കുളി പോലുള്ള ഗോത്ര വൈദ്യവും ഗദ്ദികയെ വേറിട്ട താക്കുന്നു.
നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ഉറുമ്പു ചമ്മന്തി പോലുള്ള പരമ്പരാഗത ആദിവാസി ഭക്ഷണം തത്സമയം ഉണ്ടാക്കിയത് മേളയിലെത്തുന്നവര്‍ക്ക് രുചിച്ചറിയാം. ആദിവാസി വൈദ്യം, സംഗീതോപകരണങ്ങള്‍ എന്നിവ നേരിട്ട് അനുഭവിച്ച് അറിയുവാനുള്ള മ്യൂസിയവും ഗദ്ദികയില്‍ ഒരുക്കും.
പട്ടികജാതി വിഭാഗത്തിന്റെ 60 ഉം പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ 20 സ്റ്റാളുകളുമായി  80 സ്റ്റാളുകള്‍ മേളയിലുണ്ട്. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചിമ്മാനക്കളി, പളിയ നൃത്തം, കേത്രാട്ടം, ദവിലാട്ടം തുടങ്ങിയ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി സാംസ്‌കാരിക സായാഹ്നങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി അഞ്ച് വരെ നടക്കുന്ന ഗദ്ദികയില്‍ പ്രവേശനം സൗജന്യമാണ്.

date