Skip to main content

പാഠപുസ്തകം വിതരണം തുടങ്ങി: വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു.

ഇത്തവണ സ്‌കൂള്‍ അടച്ച് വീടുകളിലേക്ക് പോകുന്ന കുട്ടികളുടെ കയ്യില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതുമണം മാറാത്ത പാഠപുസ്തകങ്ങളുണ്ടാകും. അധ്യയന വര്‍ഷം തുടങ്ങും മുമ്പേ കുട്ടികള്‍ക്ക് പാഠപുസ്തകം പരിചിതമാകും. ജില്ലയില്‍ ജനുവരി പതിനഞ്ച് മുതല്‍ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. കാക്കനാടുള്ള കെ.ബി.പി.എസിന്റെ പ്രസ്സില്‍ നിന്ന് ജനുവരി ആദ്യം മുതല്‍ തന്നെ പുസ്തകങ്ങള്‍ ഡിപ്പോയില്‍ എത്തിത്തുടങ്ങിയിരുന്നു. ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലേക്ക് 136 ഇനം പാഠപുസ്തകങ്ങളാണ് ഉള്ളത്. മലയാളം, ഇംഗ്ലിഷ് മീഡിയം വിഭാഗങ്ങളിലായി 54 ലക്ഷം പുസ്തകങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യേണ്ടത്. ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായ ആക്റ്റിവിറ്റി ബുക്കും വിതരണത്തിനെത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒമ്പത്, പത്ത് ക്ലാസുകളില്‍ മാത്രമുണ്ടായിരുന്ന ആക്ടിവിറ്റി ബുക്ക് ഇത്തവണ അഞ്ച് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകളുടെ കീഴിലുള്ള 323 സൊസൈറ്റികള്‍ വഴിയാണ് ജില്ലയില്‍ പുസ്തക വിതരണം.  ഓണ്‍ലൈനായി സൊസൈറ്റികള്‍ ബുക്ക് ചെയ്യുന്ന പുസ്തുകത്തിന്റെ പട്ടിക ഡിപ്പോകള്‍ക്ക് കൈമാറും.  
റെക്കോര്‍ഡ് വേഗത്തിലാണ് പാഠപുസ്‌കകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തീകരിക്കുന്നത്. ക്ലാസ് മുറികളോടൊപ്പം വിദ്യാഭ്യാസരംഗമാകെ സ്മാര്‍ട്ടാകുകയാണ്. പുതിയ പാഠപുസ്തകങ്ങളുമായി ഇനി കുട്ടികള്‍ക്കും സ്മാര്‍ട്ടായി സ്‌കൂളുകളിലെത്താം.

 

date