Skip to main content

ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കല്‍;  ആസൂത്രണ ശില്‍പ്പശാല സംഘടിപ്പിച്ചു

തദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ആസൂത്രണ ശില്‍പ്പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സാഹചര്യങ്ങളെ എങ്ങനെ മുന്നൊരുക്കങ്ങളോടെ അഭിമുഖീകരിക്കാം എന്ന് ശില്‍പ്പശാലയില്‍  ചര്‍ച്ചചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

2018-ലെ മഹാ പ്രളയം ഏറ്റവുംകൂടുതല്‍ അനുഭവിച്ച ജില്ലയാണു പത്തനംതിട്ട. ഇനി ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിനുമുന്നോടിയായി സ്വീകരിക്കേണ്ട പ്രവര്‍ത്തനത്തെക്കുറിച്ച് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പ്പശാല ഉപകരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.  പ്രളയക്കെടുതി അനുഭവിച്ച 24 തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരെയാണു ശില്‍പ്പശാലയില്‍ പങ്കെടുത്തത്. കാലാവസ്ഥാവ്യതിയാനം, ദുരന്ത നിവാരണം, മണ്ണു സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലെ വിദഗ്ധരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. 

2020-2021 വാര്‍ഷിക പദ്ധതിയോടൊപ്പം എല്ലാ ഗ്രാമപഞ്ചായത്തുകളും ദുരന്ത നിവാരണ പദ്ധതികളും തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ശില്‍പ്പശാലയില്‍ ഉരിത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ദുരന്ത നിവാരണ പദ്ധതി ആസൂത്രണം ചെയ്യാന്‍ അയച്ചുകൊടുക്കും.

ശില്‍പ്പശാലയില്‍ എ.ഡി.എം അലക്സ് പി.തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, ജനകീയാസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ വാസു, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date