Skip to main content

കൊറോണ: കുടുംബങ്ങളെ ഒറ്റപ്പെടുത്തരുതെന്ന സന്ദേശം നൽകുക-കളക്ടർ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ മതവിഭാഗത്തിൽപ്പെട്ട നേതാക്കളുടെ സംയുക്തയോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രികളും വീടുകളിലും കഴിയുന്നവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുതെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് യോഗത്തിൽ അഭ്യർഥിച്ചു. ഹോം ക്വാറൻൈറനിൽ കഴിയുന്നവർ സ്വന്തം ആരോഗ്യ സുരക്ഷയ്ക്കായി അനുഷ്ഠിക്കുന്ന നിയന്ത്രണം സമൂഹത്തിന് കൂടി വേണ്ടിയുള്ള ത്യാഗമാണെന്നും അതിന് അവരോട് സർക്കാറിന് നന്ദിയുണ്ടെന്നും കളക്ടർ പറഞ്ഞു. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ അനുവർത്തിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരാധനാലയങ്ങളിലെ പൊതുചടങ്ങുകളിൽ സന്ദേശം നൽകണമെന്ന് മതപുരോഹിതൻമാരോട് കളക്ടർ അഭ്യർഥിച്ചു. ആരാധനാലയങ്ങൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദേശം നൽകണം. വീടുകളിൽ കഴിയുന്നവരിൽ ആത്മീയ പിന്തുണ ആവശ്യമായവർക്ക് അത് നൽകണമെന്നും കളക്ടർ പറഞ്ഞു. വിവാഹ ചടങ്ങുകളും മറ്റ് പൊതുകൂട്ടായ്മകളും മാറ്റിവെക്കാൻ ആവശ്യപ്പെട്ടതിന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. വീടുകളിൽ കഴിയുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ എല്ലാ ക്രമീകരണവും സർക്കാറിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ചെയ്തതായും കളക്ടർ അറിയിച്ചു.
ചൈനയിലെ വുഹാനിൽനിന്ന് വന്നവർ ആരോഗ്യവകുപ്പിനെ അറിയിച്ച് അവരും കുടുംബാംഗങ്ങളും വീടുകളിൽ ക്വാറൻൈറനിൽ കഴിയണമെന്നുമുള്ള സന്ദേശം നൽകണമെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ.കെ.ജെ. റീന അഭ്യർഥിച്ചു. വുഹാൻ ഒഴികെ ചൈനയിലെ മറ്റ് സ്ഥലങ്ങളിൽനിന്ന് വന്നവർ വീടുകളിൽ ക്വാറൻൈറനിൽ കഴിയണം. കൊറോണ ഒരു വൈറസ് രോഗമായതിനാൽ അത് ബാധിച്ചവർക്ക് ബാക്ടീരിയകൾ മൂലമുള്ള രോഗം എളുപ്പം പകരും. അതിനാൽ അവർ പൊതുസമൂഹത്തിൽ ഇടപഴകാതിരിക്കണം. കൊറോണ രോഗത്തിന്റെ മരണനിരക്ക് കേവലം രണ്ട് ശതമാനമാണ്. നിപ്പയുടേത് 90 ശതമാനമാണ്. പക്ഷേ, കൊറോണ വായുജന്യ രോഗമാണ്. രോഗബാധയുള്ളവരിൽനിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറി തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗബാധിതരുമായോ പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണെന്നും ഡി.എം.ഒ അറിയിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഡി.എം.ഒ (ആരോഗ്യം) ഡോ.കെ.ജെ. റീന, വെസ്റ്റ് ഫോർട്ട് ഇമാം എൻ.എം. സിദ്ദീഖ് ഫൈസി, എസ്.വൈ.എസ് സാന്ത്വനം സെക്രട്ടറി പി.എം.എസ് തങ്ങൾ, യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ടി.വി. വാസുദേവൻ, ചെട്ടിയങ്ങാടി ഇമാം പി.കെ. ഇബ്രാഹിം മൗലവി, എൻ.എസ്.എസ് തൃശൂർ താലൂക്ക് സെക്രട്ടറി സി. സുരേന്ദ്രൻ, പാസ്റ്റർ കെ.വി. ഷാജു മണ്ണുത്തി, പാസ്റ്റർ ലോറൻസ് വർഗീസ് കോലഴി, യാക്കോബായ സിറിയൻ ചർച്ച് തൃശൂർ ഭദ്രാസനം സെക്രട്ടറി ഫാദർ ജെയ്സൺ കെ. ജോൺ, ഫാദർ ബേസിൽ ഏറാടിക്കുന്നുമ്മേൽ, തൃശൂർ അതിരൂപതയുടെ പ്രതിനിധി ഫാദർ നൈസൺ അലഞ്ഞത്താണത്ത്, ജോജു മഞ്ഞില, സാന്ത്വനം ജില്ലാ കോ ഓർഡിനേറ്റർ പി.കെ. ബഷീർ, സി.എസ്.ഐ കൊച്ചി രൂപതയുടെ പ്രതിനിധി റവ. ഷിജു ജോൺസൺ, റവ. ജോൺ ജോസഫ്, സേക്രട്ട് ഹാർട്ട് ലാറ്റിൻ ചർച്ച് പ്രതിനിധികളായ ഷാലി ജോസഫ്, ഓമന ഡികുഞ്ഞ തുടങ്ങിയവർ പങ്കെടുത്തു.

date