Skip to main content

കൊറോണ: കൗൺസലിംഗ് പരിശീലനം നൽകി

കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ചേർന്ന് കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകി. ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലുളളവർ പല തരത്തിലുളള മാനസിക സമ്മർദ്ദത്തിന് വിധേയരാകുന്ന പശ്ചാത്തലത്തിൽ പരിശീലനം സിദ്ധിച്ച കൗൺസിലർമാരുടെ സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. സാമൂഹ്യമായ ഒറ്റപ്പെടൽ, രോഗബാധയെക്കുറിച്ചുളള ആശങ്ക, പഠനം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ തടസ്സം നേരിടൽ, നിരീക്ഷണത്തിലുളളവരുടെ പരിചരണം, ബന്ധുജനങ്ങളുടെയും അയൽവാസികളുടെയും ആശങ്ക തുടങ്ങി പല തരത്തിലുളള ആശങ്കൾക്ക് പരിഹാരവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള കൗൺസിലർമാർ, തൃശൂർ സെന്റ് തോമസ് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ, ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുളള കൗൺസിലർമാർ തുടങ്ങിയവർക്കാണ് ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകിയത്. ജൂബിലി മെഡിക്കൽ കോളേജിലെ എമറിറ്റസ് പ്രൊഫ. ജയിംസ് സി ആന്റണി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റീന കെ ജെ അദ്ധ്യക്ഷയായി. തൃശൂർ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി പ്രസിഡണ്ട് ഡോ. രാജൻ വാര്യർ, ഡോ. സുമേഷ് കൃഷ്ണൻ, ഡോ. സ്മിത രാംദാസ്, ഡോ. സുബ്രഹ്മണ്യൻ, ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് ജോസഫ് സണ്ണി തുടങ്ങിയവർ വിവിധ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

date