Skip to main content

പൂച്ചാക്കല്‍ തോടിന് പുതുജീവന്‍ 

 

ആലപ്പുഴ: പൂച്ചാക്കല്‍ തോടിന് പുതുജീവന്‍ നല്‍കി തൈക്കാട്ടുശ്ശേരി പഞ്ചായത്ത്. പ്രളയാനന്തരം എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞ തോടാണ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴംകൂട്ടി നവീകരിക്കുന്നത്. ഇതിന്റേ സര്‍വേ നടപടികള്‍ക്ക് തുടക്കമായി. 

 

പ്രളയാനന്തരം വേമ്പനാട് കായലിലും പ്രധാന ഇടത്തോടുകളിലും എക്കല്‍മണ്ണ് അടിഞ്ഞ് ആഴംകുറഞ്ഞതിനാല്‍ സമീപവീടുകളില്‍ വെള്ളപ്പൊക്ക സാധ്യതയും ജലയാത്രക്ക് ബുദ്ധിമുട്ടും നേരിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 14 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആദ്യഘട്ടത്തില്‍ തോടിന്റെ ആഴംകൂട്ടല്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

 

കിഴക്കേ അതിര്‍ത്തിയായ വേമ്പനാട്ട് കായല്‍ മുതല്‍ പടിഞ്ഞാറെ അതിര്‍ത്തിയായ കൈതപ്പുഴക്കായല്‍ വരെ ആഴംകൂട്ടാനാണ് പദ്ധതി തയ്യാറാക്കുന്നത്. തോട് നവീകരിക്കുന്നതോടെ നാട്ടുകാരുടെ ഏറെനാളത്തെ അവശ്യത്തിനാണ് പരിഹാരമാകുന്നത്.

 

ഇറിഗേഷന്‍ വകുപ്പ് തണ്ണീര്‍മുക്കം സെക്ഷന്‍ ഒന്നിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പി. പ്രീത, ഓവര്‍സിയര്‍മാരായ അബൂബക്കര്‍, പി.ടി. ജയ്മോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. 11 മീറ്ററോളം വീതിയാണ് പൂച്ചാക്കൽ തോടിനുള്ളത്.പദ്ധതിയുടെ ഭാഗമായി മറ്റ് പ്രധാന ഇടത്തോടുകളുടെയും ആഴംകൂട്ടും.

date