Skip to main content

ജൈവമാലിന്യ സംസ്‌കരണത്തിന് 'കിച്ചണ്‍ ബിന്‍' പദ്ധതിയുമായി കണ്ടല്ലൂര്‍

 

ആലപ്പുഴ: വീടുകളിലെ ജൈവമാലിന്യ സംസ്‌കരണത്തിന് വ്യത്യസ്തവും ചെലവ് കുറഞ്ഞതുമായ പദ്ധതി നടപ്പാക്കുകയാണ് കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത്. 'കിച്ചണ്‍ ബിന്‍' പദ്ധതിയിലൂടെ വീടുകളിലെ ജൈവമാലിന്യം സംസ്‌കരിച്ച് അതിലൂടെ ജൈവവള ഉത്പ്പാദനത്തിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എയറോബിക് കംപോസ്റ്റ് പോലെയുള്ള ജൈവമാലിന്യ സംസ്‌കരണ രീതിയെ അപേക്ഷിച്ച് കിച്ചണ്‍ ബിന്നുകള്‍ക്ക് ചെലവ് കുറവാണ്. ഇതാണ് ഇത്തരത്തില്‍ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കയ്യെടുത്തത്.

 

ഇനോക്കുലം ദ്രാവകം നിറച്ച് അടുക്കളയോട് ചേര്‍ന്ന് സ്ഥാപിക്കുന്ന കിച്ചണ്‍ ബിന്നുകളില്‍ നിക്ഷേപിക്കുന്ന ജൈവമാലിന്യങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജൈവവളമാകും.പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,69,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബി.പി.എല്‍ വിഭാഗത്തിലെ 1000 കുടുംബങ്ങള്‍ക്കാണ് 410 രൂപ നിരക്കില്‍ കിച്ചണ്‍ ബിന്നുകള്‍ നല്‍കുക. ഇതില്‍ 369 രൂപ സബ്ബ്സിഡി ലഭിക്കും. 41 രൂപ ഉപഭോക്താവ് അടക്കണം. കലവൂര്‍ ഐ.ആര്‍.സി.റ്റി.സി മുഖേനയാണ് കിച്ചണ്‍ ബിന്നുകള്‍ എത്തിക്കുന്നത്. മാര്‍ച്ചോടെ ആരംഭിക്കുന്ന പദ്ധതിയുടെ മേല്‍നോട്ട ചുമതല വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബീന ശ്രീകുമാറിനാണ്

date