Skip to main content

വരള്‍ച്ച തടയാന്‍ ജില്ലയില്‍ 900 അര്‍ദ്ധസ്ഥിര ചെക്ക് ഡാമുകള്‍ വരുന്നു

വരള്‍ച്ചാ ലഘൂകരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ജലസ്രോതസ്സുകളില്‍ 900 അര്‍ദ്ധസ്ഥിര ചെക്ക് ഡാമുകളും 650 നീര്‍ച്ചാലുകളില്‍ ഓരോന്നിലും ചുരുങ്ങിയത് 10 താത്ക്കാലിക തടയണകളും നിര്‍മ്മിക്കും.  ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ ജലസംഭരണ നിര്‍മ്മിതികളാണ് അര്‍ദ്ധസ്ഥിര ചെക്ക്ഡാമുകള്‍. ഓരോ പഞ്ചായത്തിലും എം. ജി .എന്‍.ആര്‍.ഇ.ജി.എ.സി ന്റെ സേവനം, അതാത് പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്  ചെക്ക്ഡാമുകള്‍  നിര്‍മ്മിക്കുന്നത്.       തടയണ ഉത്സവത്തിന്റയും ഹരിതകേരളാ മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടേയും ഭാഗമായി 2000 ത്തോളം താത്ക്കാലിക ചെക്ക്ഡാമുകള്‍ ഇതിനകം ജില്ലയില്‍ നിര്‍മ്മിച്ചു കഴിഞ്ഞു.  ജില്ലയില്‍ ഡാമുകള്‍ ഇല്ലായെന്ന കുറവ് നികത്താന്‍ അര്‍ധ സ്ഥിരതാ ചെക്കുഡാമുകളുടെ നിര്‍മ്മാണത്തിലൂടെ സാധിക്കുമെന്ന്   ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. മഴ അവസാനിച്ച് ദിവസങ്ങള്‍ക്കുളളില്‍  ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ ജലസംഭരണ നിര്‍മ്മിതികളുടേയും ഷട്ടറുകള്‍ അടച്ച് പരമാവധി ജലം തടഞ്ഞു നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ പ്രത്യേക നിര്‍ദേശം നല്‍കി.

 അര്‍ധസ്ഥിര ചെക്ക്ഡാമുകളുടെ വിവിധ രീതിയിലുളള നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച ശില്‍പ്പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജലസേചന വിഭാഗം, ചെറുകിട ജലസേചന വിഭാഗം,  എല്‍ എസ് ജി ഡി, എം ജി എന്‍ ആര്‍ ഇ ജി എസ്, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം, ഗ്രാമ വികസന വകുപ്പ് എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. 

 കാസര്‍കോട്  വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍, പി എയു പ്രൊജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍ , മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി രാജന്‍ , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലയുടെ 38 പഞ്ചായത്തുകളില്‍ ഓരോന്നിലും 10 മുതല്‍ 30 വരെ വീതം ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാനുളള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ നല്‍കിയിരുന്നു. 

date