Skip to main content

കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം: രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു.

 

കാര്‍ഷിക യന്ത്രവത്ക്കരണ മിഷനും കൃഷി വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം രണ്ടാംഘട്ടത്തിന്  ജില്ലയില്‍ തുടക്കമായി. മലമ്പുഴ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലാണ് പരിശീലനം നടക്കുന്നത്. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവര്‍ത്തിപരിചയ പരിശീലനവുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ നാല് അഗ്രോ സര്‍വീസ് സെന്ററുകളില്‍ നിന്നും ആറ്  കാര്‍ഷിക കര്‍മ്മസേനകളില്‍ നിന്നും തെരഞ്ഞെടുത്ത 20 പേര്‍ക്ക് ഫെബ്രുവരി 21 വരെ വരെയാണ് പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയിലും ഇതിന്റെ ഭാഗമായി സംസ്ഥാന കാര്‍ഷിക യന്ത്രവത്്ക്കരണ മിഷന്‍ കാര്‍ഷിക യന്ത്ര കിരണ്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മിഷന്‍ സി.ഇ.ഒ. ഡോ. യു. ജയകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  പ്രൊജക്റ്റ് എഞ്ചിനീയര്‍,  ഭക്ഷ്യ സുരക്ഷാ സേനയിലെ രണ്ടു സീനിയര്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍, കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ രണ്ട് കാര്‍ഷിക മെക്കാനിക്ക്  ട്രെയിനര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. യന്ത്രവത്ക്കരണത്തിലൂടെ ചെലവ് കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുന്നതിനും സ്വകാര്യ ഏജന്‍സികള്‍ അമിതകൂലി ഈടാക്കുന്നത് നിയന്ത്രിക്കുകയുമാണ് പരിശീലനം ലക്ഷ്യമിടുന്നത്.

പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശ്രീകുമാരി പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ലിവി, സീനിയര്‍ മെക്കാനിക് എസ്. സുരേന്ദ്രന്‍, പ്രോജക്ട് എന്‍ജിനീയര്‍ പി.വി.സോണിയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date