Skip to main content

സർവെ രംഗത്ത് ആധുനികവൽക്കരണം: ദേശീയ സെമിനാറിന് ഇന്ന് (12.02.2020) തുടക്കം

സംസ്ഥാനത്തെ സർവ്വെ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ നവീകരണ പ്രവർത്തനങ്ങൾ വിവര സാങ്കേതിക വിദ്യ അധിഷ്ഠിതമാക്കി സജ്ജമാക്കാൻ നടപടികൾ ആരംഭിച്ചു. ഇതിനു മുന്നോടിയായി ഈ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കേന്ദ്രസർക്കാർ, ലോകബാങ്ക് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാസ്‌ക്കറ്റ് ഹോട്ടലിൽ രണ്ടു ദിവസങ്ങളിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ഇന്ന് (12 ന്) രാവിലെ 11 ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിക്കുമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ സി.എ. ലത വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.  മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങിൽ നിന്നുള്ള പ്രതിനിധികളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാർട്ട് ഗവേണൻസ,് ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്്രേടഷൻ, നാഷണൻ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സെമിനാറിൽ പങ്കെടുക്കും.
സർവ്വെ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂരേഖയുമായി ബന്ധപ്പെട്ട ഡിജിറ്റൽ സംയോജനം, ആധുനിക സർവെ രീതികൾ, ഫലപ്രദമായ സർവെ സെറ്റിൽമെന്റ് രീതികൾ, ഭൂരേഖകൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിനവലംബിക്കുന്ന നൂതന മാർഗങ്ങൾ, ഐ.ടി. അധിഷ്ഠിത ഭൂരേഖ പദ്ധതികൾ എന്നിവ സെമിനാറിൽ ചർച്ച ചെയ്യും.  സെമിനാറിൽ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ച് സമാഹാരം പുറത്തിറക്കും. സർവ്വെ ആന്റ് ലാൻഡ് റെക്കോർഡ്സ്  ഡയറക്ടർ വി.ആർ. പ്രേംകുമാർ, അഡീഷണൽ ഡയറക്ടർ ഇ.ആർ. ശോഭന, ഡെപ്യൂട്ടി കളക്ടർ ലാൻഡ് റെക്കോർഡ്സ് അനു എസ്. നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്.589/2020

date