Skip to main content

വൃദ്ധജന സൗഹൃദ വിശ്രമാലയം ഒരുക്കി ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്

വയോജനങ്ങള്‍ക്ക് സമപ്രായക്കാരോടൊപ്പം ഒത്തുകൂടാനും സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിട്ട് വൃദ്ധജന സൗഹൃദ വിശ്രമാലയം ഒരുക്കി മാതൃകയാകുകയാണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്. വൃദ്ധജന സൗഹൃദ വിശ്രമാലയത്തിന്റെ ഉദ്ഘാടനം ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി നിര്‍വഹിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വയോജന വിശ്രമകേന്ദ്രം പ്രവര്‍ത്തിക്കുക.

 

ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് വിശ്രമാലയം ഒരുക്കിയിരിക്കുന്നത്. ഹാളില്‍ കസേരകള്‍, ഫാന്‍, പത്രം ഉള്‍പ്പെടെ വിവിധ സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും തൊട്ടടുത്ത ആയുര്‍വേദ ആശുപത്രിയിലും എത്തുന്ന വയോജനങ്ങള്‍ക്ക് വിശ്രമാലയം ഏറെ പ്രയോജനം ചെയ്യും.  വരും ദിവസങ്ങളില്‍ വിശ്രമാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തിലെ വയോജന സംഘടനകളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് 2019- 2020 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഭരണ സമിതി വൃദ്ധജന സൗഹൃദാലയം ഒരുക്കിയത്.  

 

ചടങ്ങില്‍ വൈസ് പ്രസിഡന്റ് രാജു വട്ടമല, റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ശ്രീധരന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.കെ സജി, ഷൈലജ ബീവി, ഓമന പ്രഭാകരന്‍, പഞ്ചായത്തംഗങ്ങളായ മറിയാമ്മ വര്‍ഗീസ്, വയ്യാറ്റുപുഴ അജയന്‍, ഡി.ശശിധരന്‍, മോഹന്‍ദാസ്, പഞ്ചായത്ത് സെക്രട്ടറി ഡി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു

.

date