Skip to main content

പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പച്ചത്തുരുത്ത്

 

* പോലീസ് സ്റ്റേഷനില്‍ പച്ചത്തുരുത് സംസഥാനത്ത് ആദ്യം

    പച്ചത്തുരുത്ത് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ പോലീസ് സ്റ്റേഷന്‍ എന്ന ബഹുമതി പാങ്ങോട് പോലീസ് സ്റ്റേഷന് സ്വന്തം. സ്റ്റേഷനോട് ചേര്‍ന്നുള്ള 30 സെന്റ് സ്ഥലത്താണ് അതിമനോഹരമായ പച്ചത്തുരുത്ത് ഒരുക്കിയത്. വരും നാളുകളില്‍ ഫലവൃക്ഷ തൈകളും പൂച്ചെടികളും ഇവിടെ പടര്‍ന്നു പന്തലിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ മുളകൊണ്ടുള്ള കൂടാരങ്ങളും ഇരിപ്പിടങ്ങളും തയ്യാറക്കിയിട്ടുണ്ട്. 

    സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനീഷിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പോലീസുകാരാണ് സ്റ്റേഷനില്‍ പച്ചത്തുരുത്ത് നിര്‍മാണത്തിനായി മുന്നിട്ടിറങ്ങിയത്. പൂര്‍ണ പിന്തുണയുമായി പാങ്ങോട് ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും ഒപ്പംകൂടി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം കൂടിയായപ്പോള്‍ പച്ചത്തുരുത്ത് അതിവേഗം തയ്യാറായി. മികച്ചയിനം വിത്തും, തൈകളും ശേഖരിക്കാന്‍ പോലീസുകാരും മുന്നിട്ടിറങ്ങി. വെടിയുണ്ടകള്‍ക്കു നേരെ വിരിമാറുകാട്ടിയ  കല്ലറ - പാങ്ങോട് സമരത്തിലെ ധീര രക്തസാക്ഷികള്‍ക്കാണ് പച്ചത്തുരുത്ത് സമര്‍പ്പിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത പറഞ്ഞു. സ്മരണകള്‍ ഉറങ്ങുന്ന പഴയ പോലീസ് ഔട്ട് പോസ്റ്റ്, പുതിയ പോലീസ് സ്റ്റേഷന്‍ എന്നിവയോട് ചേര്‍ന്ന് മൂന്ന് ഇടങ്ങളിലായാണ് പച്ചത്തുരുത്ത് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 13ന് വൈകുന്നേരം 4 മണിക്ക് ഡി. കെ. മുരളി എം. എല്‍. എ. നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത ചടങ്ങില്‍ അധ്യക്ഷയാകും. ജനപ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
     (പി.ആര്‍.പി. 119/2020)

date