Skip to main content

കിസാൻ ക്രെഡിറ്റ് കാർഡ് സാച്ചുറേഷൻ പദ്ധതി നടപ്പാക്കും: ജില്ലാ കളക്ടർ

ജില്ലയിൽ കേന്ദ്രസർക്കാർ പദ്ധതി കിസാൻ ക്രെഡിറ്റ് കാർഡ് സാച്ചുറേഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പദ്ധതി നിർവഹണത്തിനായി ജില്ലാ ലീഡ് ബാങ്ക് മാനേജർ കെ കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കൃഷി വകുപ്പിന്റെ പ്രത്യേക നിർദ്ദേശാനുസരണം നബാർഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ കൂടിയാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ സാമ്പത്തിക സഹായം ലഭിച്ച കർഷകർക്കും ഫെബ്രുവരി 24 ന് മുമ്പായി പദ്ധതി നിബന്ധനകൾക്ക് വിധേയമായി കെസിസി വായ്പ ലഭ്യമാക്കും. പദ്ധതി പൂർത്തീകരണത്തിനായ് ഓരോ ബാങ്കിനും ടാർഗറ്റ് നൽകി. മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്കുളള പ്രവർത്തന മൂലധനത്തിനും കെസിസി വായ്പ ലഭ്യമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ വരെയുളള വായ്പകൾ 4 ശതമാനം പലിശയിൽ ലഭിക്കും. 1.60 ലക്ഷം വരെയുളള വായ്പകൾക്ക് ഈട് നൽകേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യബാങ്കുകൾ, സഹകരണബാങ്ക്, ഗ്രാമീണ ബാങ്ക് മുഖേന ഈ വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അർഹതപ്പെട്ട കർഷകർ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് വായ്പക്കുളള അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
യോഗത്തിൽ ജില്ലാ ലീഡ് ബാങ്ക്, നബാർഡ്, വിവിധ ബാങ്ക് മാനേജർമാരും കൃഷി, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മേധാവികളും പങ്കെടുത്തു.

date