Skip to main content

മുഴുവൻ സമയ പരിചാരകർക്കായി 'ആശ്വാസകിരണം' പദ്ധതി

മുഴുവൻ സമയ പരിചാരകർക്കായി കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. മുഴുവൻ സമയ പരിചാരകരുടെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികളെയും, മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങൾ ഉള്ളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്നു. പ്രതിമാസം 600 രൂപ വരെയാണ് സഹായം ലഭിക്കുക. കുടുംബ വാർഷിക വരുമാനം മുനിസിപ്പൽ, കോർപറേഷൻ പ്രദേശത്ത് 22375 രൂപയും, പഞ്ചായത്തുകളിൽ 20000 രൂപയും ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മുഴുവൻ സമയ പരിചാരകരുടെ സേവനം ആവശ്യമുള്ള ശാരീരിക, മാനസിക വൈകല്യമുള്ളവർ, ക്യാൻസർ രോഗികൾ, 100 ശതമാനം അന്ധർ, പ്രായാധിക്യം കൊണ്ടും മറ്റു പല രോഗങ്ങളാലും കിടപ്പിലായവർ തുടങ്ങിയവർ എന്നിവർ ഈ പദ്ധതിയുടെ കീഴിൽ വരും. മാനസിക രോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരിചരിക്കുന്നവർക്ക് ധനസഹായത്തിന് വരുമാന പരിധി ബാധകമല്ല. വിധവ, വാർദ്ധക്യ, കർഷക തൊഴിലാളി, മറ്റ് ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർക്കും ഈ പദ്ധതി ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറം സാമൂഹിക സുരക്ഷ മിഷന്റെ വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സമീപമുള്ള അങ്കണവാടികളിലോ ശിശു വികസന ഓഫീസിലോ നൽകി റെസീറ്റ് കൈപ്പറ്റണം.
കുടുംബ വരുമാനം തെളിയിക്കുന്നതിന് ബി പി എൽ റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ സെക്രട്ടറിയിൽ നിന്നുള്ള ബി പി എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരുമാന സർട്ടിഫിക്കറ്റിൽ കിടപ്പ് രോഗിയുടെ വരുമാനമാണ് പരിഗണിക്കുക. സർക്കാർ, വയോമിത്രം, എൻ ആർ എച്ച് എം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. അപേക്ഷകന്റെ ആധാർ കാർഡ് കോപ്പി, ആധാർ രജിസ്ട്രേഷൻ സ്ലിപ്പിന്റെ കോപ്പിയും ഉള്ളടക്കം ചെയ്യണം. മാർഗനിർദ്ദേശങ്ങളും കൈ രസീതും അപേക്ഷകൻ സൂക്ഷിക്കേണ്ടതാണ്.

date