Skip to main content

'വിമുക്തി' ലഹരി വിരുദ്ധ പ്രചാരണത്തിൽ സഹകരിക്കും ജില്ലാ ശിശുസംരക്ഷണ സമിതി

എക്‌സൈസ് വകുപ്പിന്റെ വിമുക്തി ലഹരിവിരുദ്ധ ക്യാമ്പയിനുമായി സഹകരിക്കുമെന്ന് ജില്ലാ ശിശുസംരക്ഷണ സമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തിൽ പ്രസിഡണ്ടിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ബ്ലോക്ക് - വില്ലേജ് തലത്തിൽ സമിതി വിളിച്ചു ചേർക്കും. തെക്കുംകര പഞ്ചായത്തിൽ വട്ടായി പ്രദേശത്ത് ഒറ്റപ്പെട്ട് കഴിയുന്ന പെൺകുട്ടിയെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. പോക്സോ കേസുകളുമായി ബന്ധപ്പെട്ട് സമീപിക്കുന്ന കുട്ടികളോട് മോശമായി പെരുമാറുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർദേശിച്ചു.
ഫെബ്രുവരി 17 ന് ജില്ലാ ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനാഥമന്ദിരങ്ങളിൽ നിന്നും കുട്ടികളെ ദത്തെടുത്ത കുടുംബങ്ങളുടെ സംഗമം തൃശ്ശൂർ കോസ്റ്റ് ഫോർഡ് ഹാളിൽ നടക്കും. അവധിക്കാലങ്ങളിൽ അനാഥമന്ദിരങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ഏറ്റെടുത്ത് വളർത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 22 ന് തൃശൂർ എലൈറ്റ് ഹോട്ടലിൽ ഫോസ്റ്റർ കെയർ സംഗമവും സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ പി.ജി. മഞ്ചു, സി.ഡബ്ല്യു.സി. ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥൻ, ജില്ലാ ലേബർ ഓഫീസ് ജൂനിയർ സൂപ്രണ്ടന്റ് ജി. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ.എസ്.നായർ എന്നിവർ പങ്കെടുത്തു.

date