Skip to main content

ഡി-അഡിക്ഷന്‍ കൗണ്‍സിലിംഗ് പരിശീലനം ആരംഭിച്ചു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗത്തിന്റെയും കേരള എക്‌സൈസ് വകുപ്പ് വിമുക്തി ലഹരി നിര്‍മ്മാര്‍ജ്ജന മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡി-അഡിക്ഷന്‍ കൗണ്‍സിലിംഗ് പരിശീലന ക്ലാസ് ആരംഭിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ. എച്ച്. ഷൈലജ അധ്യക്ഷത വഹിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത് നിര്‍വ്വഹിച്ചു. പുതുതലമുറയെ ലഹരി വര്‍ജ്ജനത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനായുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മദ്യ വര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള നാളത്തെ കേരളം ലഹരി വിമുക്ത നവ കേരളം എന്ന പരിപാടിയുടെ ഭാഗമായി സൈക്കോളജി, സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ദിവസത്തെ പരിശീലന ക്ലാസാണ് സംഘടിപ്പിച്ചിട്ടുള്ളത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിശീലനം നടത്തുന്നത്. ഫെബ്രുവരി 8 മുതല്‍ മൂന്ന് ബാച്ചുകളിലായി എറണാകളും, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലേക്ക് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി ഇന്റേണ്‍ഷിപ്പിന് അയക്കുന്നതായിരിക്കും. പരിശീലന ക്ലാസ്സ് ഫെബ്രുവരി 19 ന് സമാപിക്കും. ഡോ. വി. പവിത്രന്‍, ഡോ. ഹരീഷ്‌കുമാര്‍ സി.വി, ഷഹാന ജാസ്മിന്‍, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ മുതലായാവര്‍ ചടങ്ങില്‍ പങ്കെടുത്തു.   

date