Skip to main content

മലയാളത്തില്‍ ചിത്രീകരണത്തില്‍ മാത്രമല്ല എല്ലാ കലകളിലും സാഹിത്യത്തിന്റെ അധീശത്വമെന്ന് ചിത്രകാരന്മാര്‍

കൊച്ചി: ഗ്രാഫിക് നോവലുകളെ പുതിയ കാര്യമായി കാണേണ്ടതില്ലെന്നും അവയുടെ വലിയ പരമ്പര്യം ഇവിടുണ്ടെന്നും കലാനിരൂപകന്‍ ജോണി എം. എല്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വരയില്‍ തെളിയുന്ന എഴുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോംസിന്റെ രചനകളും പഴയ ബാലപ്രസിദ്ധീകരണങ്ങളിലെ കോമിക്കുകളും ജി. അരവിന്ദന്റെ കാര്‍ട്ടൂണുകളുമടക്കമുള്ളവ നമ്മുടെ ഗ്രാഫിക് അധിഷ്ഠിത രചനകളുടെ രൂപങ്ങളാണ്.

എഴുത്തിന് പിറകില്‍ രണ്ടാം സ്ഥാനമാണ് പ്രസിദ്ധീകരണങ്ങളില്‍ ചിത്രീകരണത്തിന് ലഭിക്കാറുള്ളത്. ആദ്യകാലങ്ങളില്‍ പാശ്ചാത്യ ലോകത്ത് എഴുത്തിനേക്കാള്‍ പ്രാധാന്യം ചിത്രീകരണത്തിന് ലഭിച്ചിരുന്നു. വായിക്കാന്‍ അറിയുന്നവര്‍ കുറവായിരുന്ന സാഹചര്യത്തിലായിരുന്നു അത്. കേരളത്തില്‍ നവോത്ഥാന കാലത്തിന്റെ തുടക്കം മുതല്‍ അറിവു നേടുന്നതിന് പ്രാധാന്യം ലഭിച്ചിരുന്നു. അതിനാല്‍ സാഹിത്യത്തിന് തന്നെയാണ് ഇവിടെ പ്രാധാന്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്റെ ജാതി എത്രത്തോളം ചിത്രീകരണത്തില്‍ പ്രതിഫലിക്കുന്നു എന്ന കാര്യം പഠനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ചിത്രീകരണത്തില്‍ മാത്രമല്ല എല്ലാ കലകളിലും സാഹിത്യത്തിന്റെ അധീശത്വമുള്ളതായി ചിത്രകാരനും ഇലസ്‌ട്രേറ്ററുമായ സുധീഷ് കോട്ടേമ്പ്രം പറഞ്ഞു. മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നു എന്നതിനാല്‍ ഇലസ്‌ട്രേഷനുകള്‍ക്ക് ചിത്രങ്ങളേക്കാള്‍ കൂടുതല്‍ കോപ്പികളുണ്ടാവുന്നു. അങ്ങിനെ അധിക സംവേദകത്വം വരുന്നു. എഴുത്ത് തന്നെ ദൃശ്യരൂപങ്ങള്‍ കാണിച്ചു തരുന്നു. പത്രാധിപര്‍ കഴിഞ്ഞാല്‍ കഥയുടെ രണ്ടാം വായനക്കാരനാണ് ഇലസ്‌ട്രേറ്റര്‍. ആ വായനയില്‍ നിന്നുള്ള പ്രതികരണങ്ങളാണ് തന്റെ ഇലസ്‌ട്രേഷ്ന്‍. എഴുത്ത് പുനര്‍മിര്‍മിക്കുകയോ പകര്‍ത്തുകയോ ചെയ്യേണ്ട ആവശ്യം അവിടെയില്ല. ഇലസ്‌ട്രേഷനില്‍ ഇന്ന് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നു. പല പ്രസിദ്ധീരകരണങ്ങളും പല ചിത്രങ്ങളും ഒഴിവാക്കിയ സാഹചര്യമുണ്ടെന്നും സുധീഷ് കോട്ടേമ്പ്രം പറഞ്ഞു.

ഇലസ്‌ട്രേഷനില്‍ യഥാര്‍ഥ ആശയം സാഹിത്യകാരന്റേതാണെന്ന് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് മുന്‍ അദ്ധ്യാപകനും ചിത്രകാരനുമായ പ്രൊഫ. അജയകുമാര്‍ പറഞ്ഞു. ചിത്രകല അന്യവല്‍ക്കരിക്കപ്പെട്ട് നില്‍ക്കുന്നതാണ്. സാഹിത്യമാണ് ആളുകളോട് കൂടുതല്‍ അടുത്തത്. സാഹിത്യത്തിനൊപ്പമായതിനാല്‍ ഇലസ്‌ട്രേഷന് ചിത്രകലയേക്കാള്‍ ജനങ്ങളുമായി അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രേഖയില്‍ മാത്രം ഒതുങ്ങുന്നതാണ് ഇലസ്ര്േ്രടഷന്‍ എന്ന തെറ്റിധാരണ പരത്തുന്നതാണ് രേഖാചിത്രം എന്ന വാക്കുപോലുമെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായ ബോണി തോമസ് അഭിപ്രായപ്പെട്ടു.

date