Skip to main content

 മതത്തിന്റെ പേരില്‍ രാഷ്ട്രരൂപികരണം സാധ്യമല്ലെന്ന് പി. രാജീവ് 

 

 മതത്തിന്റെ പേരില്‍ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ ബംഗ്ലാദേശ് പിറക്കുമായിരുന്നില്ലെന്നും പി. രാജീവ് പറഞ്ഞു  

കൊച്ചി: പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെത്തന്നെ തകര്‍ക്കുന്ന പ്രശ്‌നമാണെന്നും ചരിത്രമെന്ന പേരില്‍ തെറ്റായ വസ്തുതകള്‍ പ്രചരിപ്പിക്കുന്ന ഇക്കാലത്ത് ചരിത്രത്തെ വീണ്ടെടുക്കുക എന്നത് പ്രാധാന്യമേറിയ കാര്യമാണെന്നും മുന്‍ രാജ്യസഭാ എം.പിയും സി.പി.എം നേതാവുമായ പി. രാജീവ്. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഭരണഘടനയും ഭരണകൂടവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വത്തെക്കുറിച്ച് വിശാല കാഴ്ചപ്പാടുകളുണ്ടായിരുന്ന ഭരണഘടനയില്‍ പിന്നീട് വന്ന കേന്ദ്രസര്‍ക്കാരുകള്‍ വെള്ളം ചേര്‍ത്തെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ജനിക്കുന്നത് പൗരത്വത്തിനുള്ള അവകാശമായിരുന്നു ഭരണഘടനയിലെ പൗരത്വ നിയമത്തില്‍. എന്നാല്‍ 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ഭേദഗതിയില്‍, മാതാപിതാക്കളിലൊരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം വേണമെന്ന നിബന്ധന ചേര്‍ത്തു. മാതാപിതാക്കളില്‍ ആരും അനധികൃത കുടിയേറ്റക്കാരാവരുതെന്ന വകുപ്പ് 2003ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നിയമത്തില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു.

എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പാക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ ആലോചിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഇവ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിക്കേണ്ട ആവശ്യമില്ല. 2003ല്‍ തന്നെ എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നു. 2003ലെ പൗരത്വ, ജനസംഖ്യാ രജിസ്ട്രറുകള്‍ രൂപീകരിക്കുന്നതിനുള്ള വകുപ്പുകള്‍ പ്രകാരം ജനസംഖ്യാ രജിസ്‌സ്റ്റര്‍ പരിശോധിച്ച് ഡൗട്ട്ഫുള്‍ സിറ്റിസണ്‍ ആയി പ്രഖ്യാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശം ലഭിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ രാഷ്ട്രരൂപികരണം സാധ്യമല്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ ബംഗ്ലാദേശ് പിറക്കുമായിരുന്നില്ലെന്നും പി. രാജീവ് പറഞ്ഞു.
മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ എന്ന വാക്ക് പൗരത്വ നിയമ ഭേദഗതിയില്‍ ഒരിടത്തും പറയുന്നില്ല. പൗരത്വ നിയമത്തെ സാധൂകരിക്കാനായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത് അയല്‍ രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ എന്നാണ്. എന്നാല്‍ അങ്ങനൊരു നിര്‍വചനം പൗരത്വ നിയമ ഭേദഗതിയിലില്ല.

അമിത് ഷായുടെ പോക്കറ്റില്‍ നിന്നെടുക്കുന്ന കടലാസുകളില്‍ നിന്നാണ് ഇപ്പോള്‍ രാജ്യത്തെ നിയമ നിര്‍മാണം. മുത്വലാഖ് നിയമത്തിലൂടെ മുത്വലാഖ് ക്രിമിനില്‍ കുറ്റമാക്കിയിരിക്കുകയാണ്. മറ്റു മതസ്ഥര്‍ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകള്‍ സിവില്‍ നിയമത്തിലാണങ്കില്‍ മുസ്ലിംകളുടെ കാര്യത്തില്‍ ക്രിമിനല്‍ ചട്ടങ്ങളുടെ ഭാഗമായി. ഏകീകൃത ക്രിമിനല്‍ കോഡ് എന്ന തത്വം ഇവിടെ ലംഘിക്കപ്പെട്ടു. വിവേചനപരമായ നിയമമാണിത്.

രാജ്യത്ത് കശ്മീരിന് മാത്രമായിരുന്നില്ല പ്രത്യേക പരിഗണന. ജില്ലകളുടെ പ്രത്യേക പരിഗണന കൂടി പരിഗണിച്ചാല്‍ 13 സംസ്ഥാനങ്ങളില്‍ പ്രത്യേക പരിഗണനാ നിയമങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ കശ്മീരിന്റേത് ഒഴികെയുള്ള നിയമങ്ങള്‍ ഭരണഘടനയില്‍ പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണ്. ഭരണഘടനയില്‍ തുടക്കത്തില്‍ തന്നെയുണ്ടായിരുന്നതാണ് കശ്മീരിന്റെ സവിശേഷ പരിഗണനാ നിയമം. അതാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടതെന്നും രാജീവ് പറഞ്ഞു.

രാജ്യത്ത് മതനിരപേക്ഷവല്‍ക്കരണം പരാജയപ്പെട്ടു. ഇപ്പോള്‍ വര്‍ഗീയ ബോധത്തിന്റെ നിര്‍മാണമാണ് നടക്കുന്നത്. എല്ലാ മേഖലകളിലും മത വള്‍ക്കരണത്തിന്റെ സ്വാധീനം വരുന്നു. ഇന്ന് ഗാന്ധിയെ വീണ്ടെടുക്കല്‍ പ്രാധാന്യമേറിയ കാര്യമാണ്. നെഹ്‌റുവിനെ വീണ്ടെടുക്കുന്നതും വലിയ കാര്യമാണ്. സത്യാനന്തര കാലത്ത് മിഥ്യ സത്യമാമയും കെട്ടുകഥകള്‍ ശാസ്ത്രവും ചരിത്രവുമായും അവതരിപ്പിക്കപ്പെടുന്നു. ഇക്കാലത്ത് ചരിത്രവും ഭരണഘടനയും തിരിച്ചുപിടിക്കുന്നത് പ്രധാന കാര്യമാണെന്നും പി. രാജീവ് പറഞ്ഞു.

date