Skip to main content

വജ്ര ജൂബിലി ഫെല്ലോഷിപ്പ് : അവലോകന യോഗം ചേര്‍ന്നു

    സാംസ്‌ക്കാരിക വകുപ്പ് നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യുവകലാകാരന്‍മാരെ തെരഞ്ഞെടുത്ത് രണ്ട് വര്‍ഷത്തേക്ക് ഫെലോഷിപ്പ് നല്‍കി ത്രിതല പഞ്ചായത്തുകലില്‍ കലാപരിശീലനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ക്ലാസിക്കല്‍, ഫോക് ലോര്‍ വിഭാഗങ്ങളിലെ കലാരൂപങ്ങളിലാണ് പരിശീലനം. തനത്കലാരൂപങ്ങളെ പരിപോഷിക്കുന്നതോടൊപ്പം യുവകലാകാരന്‍മാര്‍ക്ക്  പ്രോത്സാഹനം നല്‍കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ജില്ലയില്‍ നാലു ബ്ലോക്കുകളിലായി   കലാരൂപങ്ങളില്‍ പരിശീലനം നല്‍കാന്‍  18 അധ്യാപകരും പഠിതാക്കളായി 1287 പേരുമാണുളളത്. ഗദ്ദിക 6, പെയ്ന്റ്ിംഗ് 4, മോഹിനിയാട്ടം 3, നാടന്‍പാട്ട് 2, ശാസ്ത്രീയ സംഗീതം, മിഴാവ്, മൃദംഗം, ശില്‍പകല എന്നിവയ്ക്ക് ഓരോ അധ്യാപകരാണുളളത്. ഇവര്‍ രണ്ടര മണിക്കൂര്‍ വീതമുളള നാല് പരിശീലനക്ലാസുകളാണ് ആഴ്ചയില്‍ നല്ഡകു.  പദ്ധതിക്ക് കീഴില്‍ പനമരം ബ്ലോക്കില്‍ 604, കല്‍പ്പറ്റ ബ്ലോക്കില്‍ 366, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 183, മാനന്തവാടി ബ്ലോക്കില്‍ 134 എന്നിങ്ങനെയാണ് പഠിതാക്കളുടെ എണ്ണം.  
  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആയിരം യുവകലാകാരന്‍ന്മാരെയാണ് കലാപരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയില്‍ തുടക്കത്തില്‍ എട്ട് വിഷയങ്ങളിലായി 20 കലാകാരന്‍മാരെയാണ് നിയമിച്ചിരുന്നത്.പദ്ധതിക്ക് കീഴില്‍  ജില്ലയിലെ ഫെലോഷിപ്പ് പെയിന്റിംഗ് കലാകാരന്‍മാര്‍ പൂതാടി പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ച് നല്‍കിയിട്ടുണ്ട്.അമ്പലവയല്‍ കേന്ദ്രീകരിച്ച് നാടന്‍പാട്ട് സംഘവും രൂപീകരിച്ചു.  

  ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശി, ജില്ലാ കോഡിനേറ്റര്‍ വി.ജി. ശരത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date