Skip to main content

ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉറപ്പു വരുത്താന്‍  വാര്‍ത്താ മാധ്യമങ്ങള്‍ക്കു സാധിക്കണം  -  എന്‍.പി. രാജേന്ദ്രന്‍  മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

വസ്തുനിഷ്ഠവും സത്യസന്ധവുമായ വാര്‍ത്തകളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കാവണമെന്ന് മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി. രാജേന്ദ്രന്‍. 'വാര്‍ത്തയുടെ വര്‍ത്തമാനം' എന്ന ശീര്‍ഷകത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മലപ്പുറം പ്രസ് ക്ലബുമായി സഹകരിച്ചു സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ മാധ്യമങ്ങളുടെ വിശ്വാസ്യത  കുറഞ്ഞു വരുന്നതായാണ് പുതിയ കാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആധികാരികത ഉറപ്പാക്കിമാത്രമെ ഈ പ്രതിസന്ധി മറികടക്കാനാവൂ. വാര്‍ത്തകള്‍ ജനങ്ങള്‍ക്കു നല്‍കുന്നതിനു മുമ്പ് വസ്തുത പരിശോധിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാവണം. 
സാമൂഹ മാധ്യമങ്ങളുടെ അതിപ്രസരം തെറ്റായ വിവരങ്ങള്‍ വലിയ തോതില്‍ പ്രചരിക്കാന്‍ കാരണമാവുന്നുണ്ട്. വാര്‍ത്തകള്‍ വേഗത്തില്‍ നല്‍കാനുള്ള മത്സരങ്ങള്‍ക്കിടയില്‍ ഗുരുതരമായ തെറ്റുകള്‍ സംഭവിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ വരുന്ന തെറ്റുകള്‍ തിരുത്താതിരുന്നാല്‍ അത് വിശ്വാസ്യതയെ ബാധിക്കും. മത്സരാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിനിടയിലും  വസ്തുനിഷ്ഠവും സത്യസന്ധവുമായ വാര്‍ത്തകളും വിവരങ്ങളും നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. മാധ്യമ സ്വാതന്ത്ര്യം ദുര്‍ബലമായി ജനാധിപത്യത്തില്‍ ഇടപെടാന്‍പോലുമാവാത്ത ദയനീയാവസ്ഥയാണ് രാജ്യത്തു മാധ്യമ രംഗം അഭിമുഖീകരിക്കുന്നത്. കാശ്മീരിലെ സംഭവ വികാസങ്ങള്‍ ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കയുണ്ടെന്നും എന്‍.പി രാജേന്ദ്രന്‍ പറഞ്ഞു. 'വാര്‍ത്തയും വര്‍ത്തമാനവും' എന്ന വിഷയത്തെ അധികരിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. 
പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.  വാര്‍ത്തകള്‍ നല്‍കുന്നതില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന നൈതികത മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ധീന്‍ മുബാറക്ക് അധ്യക്ഷനായി. മാത്യഭൂമി ന്യൂസ് എഡിറ്റര്‍ അശോക് ശ്രീനിവാസ് സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സി ലാല്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ് നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എഴുപതോളം മാധ്യമ പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു.
 

date