Skip to main content

പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണ പ്രവൃത്തി  അടുത്ത മാസം ആദ്യം തുടങ്ങും പുലിമുട്ടിനായി കരിങ്കല്ല് ലഭ്യമാക്കാന്‍ നടപടിയായി

പരപ്പനങ്ങാടിയില്‍ ചാപ്പപ്പടി - ചെട്ടിപ്പടി അങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായി ഹാര്‍ബര്‍ നിര്‍മ്മാണ പ്രവൃത്തി അടുത്ത മാസം ആദ്യം തുടങ്ങും. കിഫ്ബി മുഖേന അനുവദിച്ച  115 കോടി രൂപ ചെലവില്‍ ഹാര്‍ബറിനോടനുബന്ധിച്ച് പുലിമുട്ട് നിര്‍മ്മാണ പ്രവൃത്തി തുടങ്ങുന്നതിന് മുന്നോടിയായി ഈ മാസം അവസാനത്തോടെ കമ്പ്യൂട്ടറൈസ്ഡ് വേ ബ്രിഡ്ജ് സജ്ജീകരിക്കും. ഇതിനായി ക്വാറികളില്‍ നിന്ന് കരിങ്കല്ല് ലഭ്യമാക്കാന്‍ നടപടിയായി. പുലിമുട്ട് ഉള്‍ക്കൊള്ളുന്ന ഹാര്‍ബര്‍ പ്രവൃത്തിക്കായി 10 ലക്ഷം ടണ്‍ കരിങ്കല്ലാണ് ആവശ്യം. പ്രവൃത്തി തുടങ്ങിയാല്‍ പ്രതിദിനം 1,500 മുതല്‍ 2,000 ടണ്‍ കരിങ്കല്ല് വേണ്ടി വരും. ലോറികളില്‍ എത്തിക്കുന്ന കരിങ്കല്‍ ശേഖരം സംഭരിക്കാനുള്ള സ്ഥവും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 
പുളിക്കലിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്നും മറ്റ് സ്വകാര്യ ക്വാറികളില്‍ നിന്നുമാണ് കരിങ്കല്ല് എത്തിക്കുക. കരിങ്കല്ല് യഥാസമയം ലഭ്യമാക്കുന്നതിനായി പ്രവൃത്തി ടെന്‍ഡറെടുത്ത എറണാകുളം  കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി ക്വാറി ഉടമകളുമായി ധാരണയിലെത്തിയിട്ടുണ്ട്. തെക്ക് ഭാഗത്തേക്ക് 1,450 മീറ്ററും വടക്ക് ഭാഗത്തേക്ക് 600 മീറ്ററും ദൈര്‍ഘ്യമുള്ള പുലിമുട്ട് സ്ഥാപിക്കുന്നതിനൊപ്പം തന്നെ അനുബന്ധ പ്രവൃത്തികളും നടത്താനാണ് തീരുമാനം. 
പരപ്പനങ്ങാടിയിലെ ഹാര്‍ബറിന് ഇരുവശത്തും ബോട്ട് ജെട്ടിയുണ്ടാകുമെന്നതാണ് പ്രത്യേകത. ലേലപ്പുര, ലോക്കര്‍ റൂം, ടോയ്‌ലറ്റുകള്‍, കാന്റീന്‍, വിശ്രമകേന്ദ്രം, ശുദ്ധജല വിതരണ സംവിധാനം എന്നീ സൗകര്യങ്ങളും ഹാര്‍ബറിലുണ്ടാകുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ പറഞ്ഞു. രണ്ട് വര്‍ഷത്തിനകം ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള പ്രവൃത്തിയ്ക്ക് തീരദേശ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്തത്. 
 

date