Skip to main content

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പുത്തന്‍ ആരോഗ്യസംസ്‌കാരത്തിന്റെ തുടക്കം: മന്ത്രി കെ കെ ശൈലജ

വീട്ടുകാരെന്നപോലെ പരിചരണം നല്‍കുന്ന പുത്തന്‍ ആരോഗ്യ സംസ്‌കാരത്തിന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ തുടക്കമിടുകയാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തഴവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥാനത്ത് ഏറെവൈകിയും തുറന്നിരിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മാതൃകയാവുകയാണ്. മനോഹരമായ സ്വീകരണ മുറിയും,  സ്ഥലസൗകര്യങ്ങള്‍ ഏറെയുള്ള പരിശോധനാ മുറിയും ഉള്‍പ്പെടെ എല്ലാസജ്ജീകരണങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആരോഗ്യ രംഗത്ത് ഏറെ മുന്നിലാണ് കേരളം. പ്രതിരോധത്തില്‍ ഊന്നിയ ആരോഗ്യനയമാണ് കേരളത്തിന്റെത്. ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ പോലുള്ള നവീന ആശയങ്ങള്‍ വിജയമാണ്. ആശാവര്‍ക്കര്‍മാരും ആരോഗ്യ സേനാ പ്രവര്‍ത്തകരും നടത്തുന്ന സേവനങ്ങള്‍ ഇത്തരുണത്തില്‍ വിസ്മരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.  
ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, വൈസ് പ്രസിഡന്റ് കവിതാ മാധവന്‍, സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ, സീനാ നവാസ്, ആനിപൊന്‍, കെകെ കൃഷ്ണകുമാര്‍, ഡി എം ഒ ഡോ.വിവിഷേര്‍ലി, ഡെപ്യൂട്ടി ഡി എം ഒ ജെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

date