Skip to main content

അതിജീവനക്ഷമത ലക്ഷ്യമാക്കി ഇത്തിക്കരയില്‍ 'നാം നമുക്കായി'

പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ അതിജീവനക്ഷമത ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആവിഷ്‌ക്കരിച്ച  ദുരന്ത നിവാരണ പരിശീലന പരിപാടി 'നാം നമുക്കായി' ഇത്തിക്കര ബ്ലോക്കിലെ പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി.
സാമൂഹ്യ, യുവജന, സന്നദ്ധ സംഘടനകളില്‍ നിന്നും വാര്‍ഡ് തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പേരടങ്ങിയ ഗ്രൂപ്പുകള്‍ക്കാണ് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്.
വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍, കടല്‍ക്ഷോഭം പോലെയുള്ള പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുണ്ടാകുന്ന ഭീഷണികളും തുടരുന്ന സാഹചര്യങ്ങളില്‍ ക്രിയാത്മകമായി നേരിടാന്‍ ജനങ്ങളെ  സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദുരന്ത ലഘൂകരണം, തയ്യാറെടുപ്പ്, ദുരന്ത മാനേജ്‌മെന്റ് പ്ലാനുകള്‍ ആസൂത്രണം ചെയ്യല്‍ എന്നീ വിഷയങ്ങള്‍ക്കായിരുന്നു പരിശീലനത്തില്‍ മുഖ്യപരിഗണന.
തങ്ങളുടെ പ്രദേശത്തെ ദുരന്ത സാധ്യതയുള്ള മേഖലകള്‍, പ്രധാന പ്രശ്‌നങ്ങള്‍, ലഭ്യമായ വിഭവങ്ങള്‍ എന്നിവയുടെ വിവരശേഖരണം ഓരോ ഗ്രൂപ്പംഗങ്ങളുടേയും ചുമതലയാണ്. ഇപ്രകാരം തയ്യാറാക്കിയ കരട് ദുരന്ത നിവാരണ പദ്ധതിയി•േല്‍ ഗ്രാമസഭ ചര്‍ച്ച നടത്തും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഓരോ പഞ്ചായത്തും ദുരന്ത നിവാരണത്തെ സംബന്ധിച്ച ആസൂത്രണ രേഖ തയ്യാറാക്കുന്നത്.
അടിയന്തിര സജ്ജീകരണങ്ങളുടെ ഏകോപനം, വിവരശേഖരണത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍,   മണ്ണ്-ജല സംരക്ഷണം, ജലാശയ പുനരുജ്ജീവനം, നീര്‍ത്തട പരിപാലനം, ഹരിത ചട്ടങ്ങളുടെ പാലനം, ഭൂവിനിയോഗ ആസൂത്രണം, മാലിന്യ-സംസ്‌ക്കരണ/പരിപാലന പരിപാടികള്‍ എന്നീ വിഷയങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജില്ലാ പഞ്ചായത്ത്  പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല ചടങ്ങില്‍ അധ്യക്ഷയായി. കിലയിലെ ഫാക്കല്‍റ്റിമാരായ സുധീന്ദ്രബാബു, പ്രസന്നകുമാര്‍, ശ്രീകല, ശോഭ, ഷീല എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.

date