Skip to main content

സേഫ് കൊല്ലം പദ്ധതി; വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം - ജില്ലാ കലക്ടര്‍

സേഫ് കൊല്ലം പദ്ധതി വരും തലമുറയുടെ ഭാവിയെ കരുതി വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ വിശദീകരണവും വിദ്യാര്‍ഥികളുമായുള്ള സംവാദവും ശാസ്താംകോട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട കെ എസ് ഡി ബി കോളേജില്‍ ജില്ലാ ഭരണകൂടത്തിന്റെയും എന്‍ എസ് എസ് യൂണിറ്റിന്റെയും നേച്ചര്‍ പ്ലസ് കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സേഫ് കൊല്ലം പദ്ധതിയുടെ സന്ദേശം പന്ത്രണ്ട് ലക്ഷം പേരിലെത്തിക്കുവാന്‍ കഴിഞ്ഞത് വലിയ മുന്നേറ്റമായി കാണണം. പരിസ്ഥിതി, റോഡ് സുരക്ഷ, ഭക്ഷ്യ സുരക്ഷ, ജീവിത മൂല്യങ്ങള്‍, ആരോഗ്യ സംരക്ഷണം, സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം സംവാദം നടത്തി. ശാസ്താംകോട്ടയിലും ഭരണിക്കാവിലും മാലിന്യ ശേഖരണ യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും ഭരണിക്കാവില്‍ യാത്രക്കാര്‍ക്കായി വിശ്രമകേന്ദ്രം സ്ഥാപിക്കുമെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ക്ക് നേച്ചര്‍ പ്ലസ് കേരള ഏര്‍പ്പെടുത്തിയ ഉപഹാരം സമര്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ നൃത്ത ചൂഢാമണി അവാര്‍ഡ് നേടിയ ബി എസ് ലക്ഷ്മിപ്രിയയെയും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ എസ്ഥേര്‍ ജോസിനെയും കലക്ടര്‍ അനുമോദിച്ചു.
      കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ യോഗം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ഉദ്ഘാടനം ചെയ്തു.  നേച്ചര്‍ പ്ലസ് കേരളയുടെ ചെയര്‍മാന്‍ കെ വി രാമാനുജന്‍ തമ്പി സ്വാഗതവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ ശോഭന, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില ഗ്രാമ പഞ്ചായത്ത് അംഗം എസ് ദിലീപ് കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ബി ഡി ഒ അനില്‍കുമാര്‍, നേച്ചര്‍ പ്ലസ് കേരള സംസ്ഥാന കണ്‍വീനര്‍ എല്‍ സുഗതന്‍, താലൂക്ക് ചെയര്‍മാന്‍ ഡോ വൈ ജോയി, കണ്‍വീനര്‍ ജോസ് മത്തായി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ വി ആത്മന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

date