Skip to main content

റേഷന്‍ വിഹിതം വിതരണത്തിനായി എത്തി

  കാക്കനാട്:  ജില്ലയിലെ വിവിധവിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്  ഈമാസത്തെ റേഷന്‍ വിഹിതം വിതരണത്തിനായി തയ്യാറായി. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തില്‍പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. 

    മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് നാല് രൂപ നിരക്കില്‍ ഓരോ അംഗത്തിനും രണ്ട് കിലോ അരിവീതം ലഭിക്കും. കൂടാതെ കാര്‍ഡ് ഒന്നിന് ലഭ്യതയനുസരിച്ച്  രണ്ട് അല്ലെങ്കില്‍ മൂന്ന് കിലോ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയനുസരിച്ച് കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. 

    മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് കാര്‍ഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് 17 രൂപ നിരക്കില്‍ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡ് ഉടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡ് ഉടമകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 40 രൂപ നിരക്കില്‍ ലഭിക്കും. 

    റേഷന്‍ സാധനങ്ങളുടെ വിതരണം എല്ലാ റേഷന്‍ കടകളില്‍ ആരംഭിച്ചു. വിതരണം സംബന്ധിച്ച്  പരാതി ഉണ്ടെങ്കില്‍ താലൂക്ക്, സിറ്റി റേഷനിംഗ് ഓഫീസുകളിലും ജില്ലാ സപ്ലൈ ഓഫീസിലും പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date