Skip to main content

മീനങ്ങാടി മാതൃകാ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിക്ക് വേങ്ങരയില്‍ തുടക്കം

കാലാവസ്ഥാ വ്യതിയാനം ചെറുത്ത് പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി വയനാട് മീനങ്ങാടിയില്‍  വിജയകരമായി നടപ്പിലാക്കിയ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയ്ക്ക് വേങ്ങര ബ്ലോക്കില്‍ തുടക്കം. വേങ്ങര, കണ്ണമംഗലം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി പ്രാഥമികമായി നടപ്പിലാക്കുന്നത്. 2016ല്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ  ആരംഭിച്ച പദ്ധതി വേങ്ങര ബ്ലോക്ക് പഞ്ചായത്തും മാതൃകയാക്കുകയാണ്. 
പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി  പഞ്ചായത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. പ്ലാസ്റ്റിക്ക് കത്തിക്കുന്നവരുടെ എണ്ണം, ശരാശരി എത്ര വാഹനങ്ങള്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നു തുടങ്ങിയ കണക്കുകള്‍ ശേഖരിക്കും. പദ്ധതിയുടെ ഭാഗമായി വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളില്‍ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കും. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വയനാട്ടിലെ മീനങ്ങാടി സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മനുഷ്യന്റ ഇടപെടലുകള്‍ കൊണ്ട്   അമിതമായി ഉണ്ടാക്കുന്ന കാര്‍ബണിനെ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കുകയാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി. സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി മികച്ച പ്രതീക്ഷയേകുന്നു. 
കാലാവസ്ഥ വ്യതിയാനം പാരിസ്ഥിതിക മേഖലയില്‍ ദൂരവ്യാപകമായആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അന്തരീക്ഷ താപനില നിയന്ത്രിച്ച് കാലാവസ്ഥ വ്യതിയാനം ഒരു പരിധിവരെ തടയുന്നതിന് കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെയും മറ്റു ഹരിതഗൃഹവാതകങ്ങളുടെയും അളവ് നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഇതിനായി ആഗോളതലത്തിലും ദേശീയതലത്തിലും പ്രാദേശികതലത്തിലും ജനകീയ ഇടപെടലുകള്‍ അനിവാര്യമാണെന്ന കാഴ്ചപ്പാടിലാണ് പ്രാദേശിക തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.

date