Skip to main content

നികുതി പിരിവിൽ വീണ്ടും നേട്ടവുമായി പൂമംഗലം

നികുതി പിരിവിൽ പൂമംഗലം പഞ്ചായത്തിന് വീണ്ടും നേട്ടം. സാമ്പത്തിക വർഷാവസാനത്തിന് രണ്ട് മാസംമുൻപുതന്നെ മുഴുവൻ നികുതികളും പിരിച്ചെടുത്ത ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷവും പൂമംഗലം പഞ്ചായത്ത് ജനുവരി 31 നകം മുഴുവൻ നികുതികളും പിരിച്ചെടുത്തിരുന്നു. പദ്ധതി നിർവഹണത്തിലും പൂമംഗലത്തിന് പ്രത്യേകം ആദരവ് നേടാനായി. 2011-12 മുതൽ 2015-16 വരെയുള്ള തുടർച്ചയായ 5 വർഷങ്ങളിലും പദ്ധതി നിർവ്വഹണത്തിൽ 100 ശതമാനം വിനിയോഗം കൈവരിച്ച സംസ്ഥാനത്തെ ഏക ഗ്രാമപഞ്ചായത്താണ് പൂമംഗലം. ഇക്കാലയളവിൽ 4 തവണ സ്വരാജ് ട്രോഫിയും പൂമംഗലത്തെ തേടിയെത്തിയിരുന്നു. തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ്, സെക്രട്ടറി എൻ.ജി.ദിനേശ്, വൈസ് പ്രസിഡന്റ് ഇ.ആർ.വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.

date