Skip to main content

ചീര വിളവെടുത്ത് കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാദമി

ചീര വിളവെടുത്ത് കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാദമി. കായികപരിശീലനങ്ങൾക്കൊപ്പം കാർഷിക പരിശീലനങ്ങൾക്കും പ്രാധാന്യം നൽകുകയാണ് അക്കാദമി. നിയമന പരിശീലനത്തിലുള്ള ബാച്ച് നമ്പർ 29, 30 എന്നിവയിലായി ആകെ 109 ട്രെയിനീസാണ് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കായികപരിശീലനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കൃഷിയിലൂടെ പരിസരവുമായി ഇടപഴകുന്നതിന് അവസരം ഒരുക്കുകയും വിഷരഹിത പച്ചക്കറികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ചീര കൃഷിക്ക് പുറമെ വെള്ളരി, മഞ്ഞൾ, പയർ, ചോളം, കുമ്പളം, മത്തങ്ങ, ചേന, പാവൽ, വെണ്ട, വഴുതന, തക്കാളി, പടവലം, ബീറ്റ്റൂട്ട്, കാബേജ്, ക്വാളിഫ്ളവർ ഇവയെല്ലാം കൃഷി ചെയ്യാറുണ്ട്. പച്ചക്കറി കൃഷിയിലെ കീടബാധ നിയന്ത്രിക്കുന്നതിന് പൂക്കൃഷികളും ചെയ്യുന്നുണ്ട്. അക്കാദമിയിൽ രണ്ട് ഏക്കർ സ്ഥലത്ത് ജൈവളങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന കൃഷിയ്ക്ക് ആവശ്യമായ വിത്തുകൾ കാർഷിക സർവ്വകലാശാലയിൽ നിന്നുമാണ് വാങ്ങുന്നത്. മഞ്ഞൾ 1 കിലോഗ്രാം 40 രൂപ, പച്ചച്ചീര 1/2 കിലോഗ്രാം 30 രൂപ, ചുവന്ന ചീര 400 ഗ്രാമിന് 50 രൂപ എന്നിങ്ങനെയാണ് വില നിരക്ക്. 2017ൽ കൃഷി വകുപ്പിൽ സമർപ്പിച്ച പ്രൊജക്ട് പ്രകാരം കാർഷികോപകരണങ്ങൾ, വിത്ത്, വളം എന്നിവ വാങ്ങുന്നതിനായി കൃഷി വകുപ്പിൽ നിന്നു 95,000 ലഭിച്ചിരുന്നു.
അക്കാദമിയുടെ ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ എടുത്തതിൽ മിച്ചം വരുന്നവ പുറമെ വിപണികൾക്ക് കൊടുക്കും. കൂടാതെ ഓണത്തിന് ഒരു മുറം പച്ചക്കറി, വൈഗ കൃഷി ഉന്നതി മേള തുടങ്ങിയ പരുപാടികളിലേക്കും അക്കാദമിയിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ വിൽക്കാറുണ്ട്. 2017ൽ തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവ സദ്യയ്ക്ക് 100 കിലോഗ്രാമിന് മുകളിൽ പച്ചക്കറികൾ അക്കാദമിയിൽ നിന്നും കൊടുത്തിരുന്നു. ഇതിനോടകം 2016-17 പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല അവാർഡ് 10,000 രൂപയും സംസ്ഥാന തല അവാർഡ് 50,000 രൂപയും കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാദമി കരസ്ഥമാക്കിയിട്ടുണ്ട്.

date