Skip to main content

ദുരന്തമുഖങ്ങളില്‍ സേവന സജ്ജരാവാന്‍  ഇനി വിദ്യാര്‍ഥികളും സേഫ് കൊല്ലം പദ്ധതിയിലൂടെ  വിദ്യാര്‍ഥികള്‍ക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം

ദുരന്ത മുഖങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി ഒരുങ്ങുന്നു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരേ ദിവസമാണ്  പരിശീലനം നല്‍കുക. ജൂണ്‍ മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസങ്ങളില്‍ ഒന്ന് ഇതിനായി തിരഞ്ഞെടുക്കും.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വിവിധ ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍  എന്നിവര്‍ അധ്യാപകര്‍ക്ക്  പരിശീലനം നല്‍കും. ഇവര്‍ വഴിയാണ്  വിദ്യാര്‍ഥികളിലേക്കും പ്രഥമ ശുശ്രൂഷയുടെ പാഠങ്ങള്‍ എത്തുക. 60 വിദ്യാര്‍ഥികള്‍ക്ക് ഒരു പരിശീലകന്‍ എന്ന നിലയില്‍ രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനാണ് ആലോചിക്കുന്നത്. മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇവരിലൂടെ പ്രഥമ ശുശ്രൂഷയുടെ പരിശീലനം നേടും.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളില്‍ വിദ്യാര്‍ഥികള്‍ വഴി ശക്തമായ ഇടപെടല്‍ നടത്താന്‍ പരിശീലന പരിപാടി വഴി സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ട്രാക്ക്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, ഐ എം എ, പൊലീസ്  എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്
സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സുബിത ചിറയ്ക്കല്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി ഷീല, ആര്‍ റ്റി ഒ  ഡി മഹേഷ്, എ സി പി അനില്‍കുമാര്‍, പ്രോജക്ട് കണ്‍വീനര്‍ പി എ സത്യന്‍, ട്രാക്ക് സെക്രട്ടറി ജോര്‍ജ് എഫ് സേവ്യര്‍, ഐ എം എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date