Skip to main content

പൂതക്കുളം പഞ്ചായത്തില്‍ 'ബയോ ബിന്‍'

ജൈവമാലിന്യങ്ങളെ  കമ്പോസ്റ്റ് വളമാക്കി മാറ്റാന്‍ വീട്ടുവളപ്പില്‍  ബയോ ബിന്‍ പദ്ധതിയുമായി പൂതക്കുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ശുചിത്വ മിഷന്റെ സഹകരണത്തോടെ  18 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 10,80,000 രൂപ പഞ്ചായത്തിന്റെയും 1,80,000 രൂപ റോട്ടറി ക്ലബ്ബിന്റെയും ബാക്കി ശുചിത്വ മിഷന്റെയും വിഹിതമാണ്.
അടുക്കളയില്‍ ബാക്കിയാകുന്ന ജൈവമാലിന്യങ്ങളിലെ വെള്ളം നീക്കം ചെയ്ത് ബിന്നുകളില്‍ നിക്ഷേപിക്കാം. മാലിന്യം നിറയ്ക്കുമ്പോള്‍ പഞ്ചായത്തില്‍ നിന്നും സൗജന്യമായി നല്‍കുന്ന  ഇനോക്കുലം കമ്പോസ്റ്റ് മീഡിയം ലെയറുകളായി ഇടണം. രണ്ട് ബിന്നുകള്‍ നിറയുമ്പോള്‍ ചുവട്ടില്‍ സ്ഥാപിച്ച ആദ്യത്തെ ബിന്നിലെ  മാലിന്യങ്ങള്‍ കമ്പോസ്റ്റ് രൂപത്തില്‍ ആയിട്ടുണ്ടാകും.
തെങ്ങ്, വാഴ, പച്ചക്കറികള്‍ പോലുള്ള വിളകള്‍ക്ക് കമ്പോസ്റ്റ് വളമായി ഉപയോഗിക്കാം. പ്രകൃതി സൗഹാര്‍ദവും ദുര്‍ഗന്ധ രഹിതവുമായ മാലിന്യ     സംസ്‌കരണ രീതി സ്ഥലപരിമിതി നേരിടുന്ന കുടുംബങ്ങള്‍ക്ക് ഏറെ സഹായകമാണ്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ  ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിനാണ്  1800 രൂപയോളം വിലവരുന്ന സമത ബയോ ഡൈജസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന  ബിന്നിന്റെ നിര്‍മാണ ചുമതല.
180  രൂപ ഉപഭോക്തൃ വിഹിതം അടച്ച 296 വീടുകളില്‍ മുന്‍ഗണനാ ക്രമത്തില്‍ ബിന്‍ വിതരണം ചെയ്തു. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ന്നും ബിന്നുകള്‍ വിതരണം ചെയ്യും
മാലിന്യ സംസ്‌കരണത്തില്‍ ശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്ന് മാതൃകാപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ പറഞ്ഞു.

date