Skip to main content

കാർഷിക യന്ത്ര പരിരക്ഷണ യജ്ഞം രണ്ടാംഘട്ടം വിജയകരമായി മുന്നോട്ട്

ആലപ്പുഴ: സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷനും കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗവും ആത്മ ആലപ്പുഴയും ചേർന്ന് നടപ്പാക്കുന്ന കാർഷിക യന്ത്ര പരിരക്ഷണ യജ്‌ഞം രണ്ടാംഘട്ടം വിജയകരമായി മുന്നോട്ട്. പരിപാടിയിൽ ജില്ലയിലെ കാർഷിക സേവന കേന്ദ്രം കാർഷിക കർമ്മ സേനകളുടെ കീഴിലുള്ള കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവൃത്തി പരിചയ പരിശീലനവുമാണ് നടക്കുന്നത്. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലെ കളർകോടുള്ള വർക്ക്‌ഷോപ്പിൽ  ഫെബ്രുവരി 10നു ആരംഭിച്ച യജ്‌ഞം  22വരെ  തുടരും.ജില്ലയിലെ ഏഴ് അഗ്രോ സർവ്വീസ് സെന്ററിൽ നിന്നും അഞ്ച് കാർഷിക കർമ്മ സേനകളിൽ നിന്നും തിരഞ്ഞെടുത്ത 20 പേർക്ക് 12 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഉപയോഗശൂന്യമായിരുന്ന കാർഷിക യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കി കഴിയുന്നത്ര വേഗം കാർഷിക കർമ്മ സേനകൾക്കും കാർഷിക സേവന കേന്ദ്രങ്ങൾക്കും കൈമാറുകയാണ് പരിരക്ഷണ യജ്ഞത്തിൽ ചെയ്യുന്നത്.  ആദ്യഘട്ടത്തിൽ ജില്ലയിലെ  അഞ്ച് അഗ്രോ സർവീസ് സെന്റർ, അഞ്ച് കാർഷിക കർമ്മ സേനകൾ എന്നിവിടങ്ങളിൽ നിന്നും 15 പേർ 12 ദിവസം നീണ്ടുനിന്ന കാർഷിക യന്ത്ര അറ്റകുറ്റപ്പണി -പരിശീലന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ജില്ലയിലെ കാർഷിക സേവന കേന്ദ്രം, കാർഷിക കർമ്മ സേനകളുടെ ഉടമസ്ഥതയിലുള്ള കേടുപാടുകൾ പറ്റിയതും പ്രളയസമയത്ത് പ്രവർത്തനരഹിതവുമായ 15 ലക്ഷത്തിലധികം രൂപയുടെ കാർഷിക യന്ത്രങ്ങൾ തീർത്തും സൗജന്യമായി അറ്റകുറ്റപ്പണി  തീർത്ത് പ്രവർത്തനയോഗ്യമാക്കിയിരുന്നു.
സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന  കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.യു.ജയകുമാരൻ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. യന്ത്രവത്കരണത്തിലൂടെ ചെലവ് കുറഞ്ഞ രീതിയിൽ കർഷകർക്ക് മികച്ച വിളവ് ലഭിക്കുന്നതിനും സ്വകാര്യ ഏജൻസികളുടെ അമിതൂകലി ഈടാക്കുന്നതിനെ നിയന്ത്രിക്കാനും യജ്‌ഞം വഴിയൊരുക്കും.

date