Skip to main content

പൊന്നാനിയില്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍  -  സ്പീക്കര്‍

ഭാവിയില്‍ പൊന്നാനിയുടെ വികസനം ടൂറിസം മേഖലയിലാകുമെന്നും ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് ഇവിടെയുള്ളതെന്നും നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പെപ്പര്‍ പ്രൊജക്ട് ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് ആന്‍ഡ് സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് പൊന്നാനിയെ എത്തിക്കാന്‍ പെപ്പര്‍ ടൂറിസം പദ്ധതിക്ക് കഴിയും. കടലും കായലും കോള്‍ നിലങ്ങളും തുടങ്ങി പൊന്നാനിയുടെ സാംസ്‌കാരികവും ചരിത്രപരവുമായ വൈവിധ്യത്തെ ലോകത്തിനു മുമ്പില്‍ തുറന്നിടുകയാണ് പെപ്പര്‍ ടൂറിസത്തിലൂടെയും മറ്റു പദ്ധതികളിലൂടെയും ചെയ്യുന്നതെന്ന്  സ്പീക്കര്‍ പറഞ്ഞു. 
പൊതുജന പങ്കാളിത്തത്തോടെ   നടപ്പിലാക്കുന്ന ഈ പദ്ധതി സഞ്ചാരികള്‍ക്ക് അറിവും സംസ്‌കാരവും തേടിയുള്ള യാത്ര ഉറപ്പാക്കുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് വരുമാനവും ഉറപ്പു വരുത്തുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പൊന്നാനി പെപ്പര്‍ ടൂറിസത്തിന്റെ വീഡിയോ ലോഞ്ചിങും സ്പീക്കര്‍ നിര്‍വഹിച്ചു. 
 ടൂറിസം മേഖലയില്‍ കേരളം സൃഷ്ടിച്ച ജനകീയ മാതൃകകളില്‍ ഏറ്റവും വലിയ  ചുവടുവെപ്പാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പെപ്പര്‍ ടൂറിസം പദ്ധതി. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിവിധ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ഹോട്ടല്‍ ഉടമകള്‍, തുടങ്ങിയ ടൂറിസം മേഖലയിലെ നിക്ഷേപകരെ കൂടുതല്‍ പ്രയോജനപ്പെടുത്തി പെപ്പര്‍ പദ്ധതിയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങളെ കണ്ടെത്തി  ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പങ്കാളിത്ത ടൂറിസം പദ്ധതിയാണിത്. ടൂറിസം മേഖലയില്‍ തങ്ങളുടെ പ്രദേശത്ത് നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. ടൂറിസം മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്കു കൂടി എത്തിക്കുക എന്നതാണ് ലക്ഷ്യം. 
 ചമ്രവട്ടം ജംങ്ഷനിലെ റൗബ റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ പൊന്നാനി നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.   സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം നൗഷാദ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ സിബിന്‍ പി.പോള്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date