Skip to main content

കാൽനൂറ്റാണ്ടിനുശേഷം കതിരണിയാനൊരുങ്ങി തടത്തില്‍ പാടം

ആലപ്പുഴ: 27 വര്‍ഷം തരിശായി കിടന്ന തടത്തില്‍ പാടം കതിരണിയാനൊരുങ്ങി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ 15 ഏക്കര്‍ പാടശേഖരത്തിലെ 10 ഏക്കറിൽ വിത്ത് വിതച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തദ്ദേശ വകുപ്പിന്റെ 2.5 ലക്ഷം രൂപയും പഞ്ചായത്തിന്റെ പദ്ധതി വിഹിതവും വിനിയോഗിച്ചാണ് നിലമൊരുക്കിയത്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് കൃഷി ഓഫീസില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തി കയര്‍ ഭൂവസ്ത്രം വിരിച്ചത്. വിത കഴിഞ്ഞിട്ട് 40ദിവസം പിന്നിട്ടു. 120 മുതല്‍ 135 ദിവസം വരെയാണ് നെല്‍ച്ചെടികള്‍ മൂപ്പെത്താനുള്ള സമയം. മാര്‍ച്ചോടെ കൊയ്ത്ത് ആരംഭിക്കും. സപ്ലൈകോയുടെ നേതൃത്വത്തിൽ  നെല്ല് സംഭരിക്കും.
വാര്‍ഡ് അംഗത്തിന്റെ സഹകരണത്തോടെ പാടത്തിന് ചുറ്റുമുള്ള 50 സെന്റ് പുറംബണ്ടില്‍ പയര്‍, ചീര, വെണ്ട തുടങ്ങിയവയുടെ കൃഷിയും നടക്കുന്നുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ നല്ല രീതിയില്‍ കൃഷി ആരംഭിക്കുവാന്‍ സാധിച്ചെന്നും ഇത് വിജയിച്ച പോലെ ഇനിയും തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ നൂറു മേനി കൊയ്യാന്‍ വേണ്ട ശ്രമങ്ങള്‍ ആരംഭിക്കുമെന്നും കൃഷി ഓഫീസര്‍ ജഗന്നാഥ് പറഞ്ഞു. ജല ദൗര്‍ലഭ്യവും സാമ്പത്തിക പ്രതിസന്ധിയും മൂലമാണ് പാടശേഖരത്തിലെ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നേരത്തെ നിര്‍ബന്ധിതരായത്.

date