Skip to main content

കൃഷിയിൽ സ്വയംപര്യാപ്തതയും  സ്വന്തം ഉല്‍പ്പന്ന വിപണനകേന്ദ്രവും ലക്ഷ്യമിട്ട് ആര്യാട്

ആലപ്പുഴ:കാര്‍ഷിക മേഖലയിൽ  മികവാര്‍ന്ന പ്രവര്‍ത്തനവുമായി ആര്യാട് ഗ്രാമപഞ്ചായത്ത്. പച്ചക്കറിയും പൂവും ഇടകലര്‍ത്തിയുള്ള സംയോജിത കൃഷിരീതിക്കു രൂപം കൊടുത്തിരിക്കുകയാണ് ഈ പഞ്ചായത്ത്. അടുത്ത ഓണത്തിന് ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികളും പൂക്കളും സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുക്കുക, കൃഷിയില്‍ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമന്വയ എന്ന പുതിയ പദ്ധതി.
'സമന്വയ'യിലൂടെ പഞ്ചായത്തിന് കീഴിലുള്ള 18 വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകർക്ക്  കൃഷിയില്‍ പരിശീലനം നല്‍കുന്നുണ്ട്.പത്തു പേരടങ്ങുന്ന നൂറു ഗ്രൂപ്പുകള്‍ രൂപീകരിച്ച് കൃഷിക്ക് നേതൃത്വം നല്‍കും. കൃഷിക്ക് അനുയോജ്യമായ സ്ഥലം ഗ്രൂപ്പുകള്‍ തന്നെയാണ് കണ്ടെത്തുന്നത്. ഓരോ ഗ്രൂപ്പിനും കൃഷിക്കാവശ്യമായ വളം ഉള്‍പ്പെടെ എല്ലാം പഞ്ചായത്താണ് നല്‍കുന്നത്. 100 കുറ്റിമുല്ല, 100 ബന്ദി, 100 കുറ്റിക്കുരുമുളക്, വള്ളി കുരുമുളക്, പച്ചക്കറി വിത്തുകള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, കറിവേപ്പ്, മഞ്ഞള്‍, ഇഞ്ചി, ജൈവ വളം, കുമ്മായം തുടങ്ങിയവയാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.
ഇപ്പോൾ ആകെ 25 ലക്ഷം രൂപ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഗ്രൂപ്പുകള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്താണ് കൃഷി ചെയ്യുന്നത്. കൃഷി രീതികള്‍ വിലയിരുത്താന്‍ വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും മോണിറ്ററിങ് സമിതികളും രൂപീകരിച്ചിട്ടുണ്ട്. കുരുമുളക് ഗ്രാമം എന്ന നിലയില്‍ ആര്യാടിനെ മാറ്റിയെടുക്കുക, വിവിധ ഉത്പന്നങ്ങൾ  ശേഖരിച്ചു സ്ഥിരം വിപണന കേന്ദ്രം പഞ്ചായത്തില്‍ തന്നെ തുടങ്ങുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് പറഞ്ഞു.
കുരുമുളക് ഗ്രാമമായി ആര്യാടിനെ മാറ്റിയെടുക്കാന്‍ ഓരോ വീട്ടിലും കുറ്റിക്കുരുമുളക് തൈകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. കൃഷി ഓഫീസറുടെ മേല്‍നോട്ടത്തില്‍ പെപ്പര്‍ സൊസൈറ്റിയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്.

date