Skip to main content

സസ്യ സ്‌പെസിമിനുകള്‍ ഡിജിറ്റലൈസ് ചെയ്ത്  സര്‍വ്വകലാശാല  ഹെര്‍ബേറിയം. കാത്തു സൂക്ഷിക്കുന്നത്  ഒരു ലക്ഷത്തിലേറെ സ്‌പെസിമിനുകള്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം സസ്യ സ്‌പെസിമിനുകള്‍ ശേഖരിച്ച് സംരക്ഷിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ഹെര്‍ബേറിയം പുതിയ പാതയില്‍. സസ്യ സ്‌പെസിമിനുകളുടെ ഡിജിറ്റലൈസേഷന്‍ നടത്തിയാണ് ഹെര്‍ബേറിയം പുതിയ കാലത്തിനൊത്ത് വളരുന്നത്. 
അയ്യായിരത്തോളം സ്‌പെസിമിനുകള്‍ ഇതിനകം ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു. മറ്റുള്ളവ കൂടി ഘട്ടം ഘട്ടമായി ഡിജിറ്റലൈസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. സൈലന്റ്‌വാലി ദേശീയോദ്യാനം, അഗസ്ത്യമല ജൈവ സങ്കേതം, പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകള്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച സസ്യ സ്‌പെസിമിനുകളാണ് ഹെര്‍ബേറിയത്തിലുള്ളത്. ഇതിനുപുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച സസ്യ സ്‌പെസിമിനുകളും സര്‍വകലാശാല ബോട്ടണി പഠന വിഭാഗത്തോടു ചേര്‍ന്നുള്ള ഹെര്‍ബേറിയത്തിലുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കസില്‍ പരാമര്‍ശിക്കപ്പെടുന്ന സസ്യ ഇനങ്ങള്‍ പ്രത്യേകമായാണ്  സംരക്ഷിക്കുന്നത്. ഇന്ത്യയിലെ വിവിധ ഇഞ്ചി വര്‍ഗ്ഗങ്ങള്‍, വാഴ വര്‍ഗ്ഗങ്ങള്‍,   തുളസി വര്‍ഗ്ഗങ്ങള്‍, ചേന, ചേമ്പ് വര്‍ഗ്ഗങ്ങള്‍, പശ്ചിമഘട്ടത്തിലെ പന്നല്‍ വര്‍ഗ്ഗങ്ങളുടെ അപൂര്‍വ്വ ശേഖരം, സസ്യ വര്‍ഗ്ഗീകണ ശാസ്ത്രത്തിലെ 12 ഓളം പുസ്തകങ്ങളുടെ രചനയ്ക്ക് ഉപയോഗിച്ച സസ്യ ഇനങ്ങളുടെ ശേഖരം, യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിവിധ സസ്യജാലങ്ങളുടെ സ്‌പെസിമിനുകള്‍, നെതര്‍ലാഡുകാര്‍ മുന്‍ കാലങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയവയില്‍ നിന്ന് തിരിച്ചെത്തിച്ച സസ്യ ഇനങ്ങള്‍ എന്നിവ ഹെര്‍ബേറിയത്തിലുണ്ട്.
1968 ല്‍  സ്ഥാപിച്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹെര്‍ബേറിയം രാജ്യത്തെ 45 അംഗീകൃത ഹെര്‍ബേറിയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് ബോട്ടണി വിഭാഗം അധ്യാപകനും മുന്‍ ഹെര്‍ബേറിയം ക്യൂറേറ്ററുമായ ഡോ. എ.കെ പ്രദീപ് പറഞ്ഞു.
ഗവേഷകര്‍, ഫാര്‍മസി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് സസ്യ ഇനങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ പോകാതെ തന്നെ വേര്‍തിരിച്ചറിയാനും വനാന്തരങ്ങളിലും മറ്റും പോകാതെ തന്നെ ഡി.എന്‍.എ പരിശോധന നടത്താനും ഹെര്‍ബേറിയം പ്രയോജനപ്പെടുത്താനാവും.  ഗവേഷണത്തിന് സഹായകരമാകും വിധം സ്‌പെസിമിനുകള്‍  ആറു മാസത്തേക്ക് കൈമാറാനും ഹെര്‍ബേറിയത്തില്‍ സൗകര്യമുണ്ട്. വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അലുമിനിയം ഫോസ്‌ഫൈഡ് ഉപയോഗിച്ച് പുക കൊള്ളിച്ചാണ് സസ്യ സ്‌പെസിമിനുകള്‍ ഹെര്‍ബേറിയത്തില്‍ സംരക്ഷിക്കുന്നത്.  
 

date