Skip to main content

ദുരന്തനിവാരണ പദ്ധതി ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഫലപ്രദമായ പ്രതിരോധ - നിവാരണ പദ്ധതി തദ്ദേശ സ്ഥാപന തലത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി  പെരിന്തല്‍മണ്ണ നഗരസഭ വാര്‍ഡ് തലത്തില്‍ ദുരന്തനിവാരണ പദ്ധതി ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് നേതൃത്വം നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി മുനിസിപ്പല്‍, വാര്‍ഡ് തലത്തില്‍   രൂപീകരിച്ച 20 അംഗങ്ങളുള്ള ദുരന്തനിവാരണ സേനയ്ക്കാണ് പരിശീലനം നല്‍കിയത്. ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനം നല്‍കി.  ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ  കരട് പദ്ധതി തയ്യാറാക്കുകയും ചെയ്തു.
വെള്ളപ്പൊക്കം, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായാണ് മുനിസിപ്പല്‍ പഞ്ചായത്ത് തലത്തില്‍  ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. ദുരന്തനിവാരണ പ്രതിരോധ - ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിശദമായ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുക, ദുരന്തനിവാരണത്തിനാവശ്യമായ അടിയന്തിര തയ്യാറെടുപ്പുകള്‍ നടത്തുക, ലഘൂകരണ നിര്‍മ്മാണ പ്രവൃത്തികള്‍ ആവിഷ്‌ക്കരിക്കുക തുടങ്ങിയവയാണ്  പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.
ദുരന്തനിവാരണ പദ്ധതി അന്തിമമാക്കാനുള്ള വികസന സെമിനാര്‍ ഇന്ന്(ഫെബ്രുവരി 15)  നടത്തും. ശില്പശാലയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍കുട്ടി, കിഴിശ്ശേരി മുസ്തഫ, കിഴിശ്ശേരി വാപ്പു, കെ.പി ജയചന്ദ്രന്‍, കിനാതിയില്‍ സാലിഹ്, ചെയര്‍പേഴ്‌സണ്‍മാരായ രതി അല്ലക്കാട്ടില്‍, പി.ടിശോഭന ടീച്ചര്‍, മുന്‍സിപ്പല്‍ സെക്രട്ടറി എസ്.അബ്ദുല്‍ സജീം, സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ എം.പ്രേമലത തുടങ്ങിയവര്‍ പങ്കെടുത്തു.
 

date