Skip to main content

വളവന്നൂരില്‍ വീടും സ്ഥലവുമില്ലാത്ത 30 കുടുംബങ്ങള്‍ക്ക്  ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കും  - മന്ത്രി.ഡോ.കെ.ടി ജലീല്‍

വളവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വീടും സ്ഥലവുമില്ലാത്ത 30 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയം പണിയുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. വളവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ഥലമുണ്ടായിട്ടും വീടില്ലാതിരുന്ന 17 കുടുംബങ്ങളില്‍ 11 പേരുടെ വീടുകളുടെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചത്. ശേഷിക്കുന്ന ആറ് വീടുകള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
ഗ്രാമ പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിന്റെയും വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന്റെയും       സ്‌കൂളുകള്‍ക്കുള്ള പാചകപാത്രങ്ങളുടെയും അംഗീകൃത ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളുടെയും  വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും മന്ത്രി നടത്തി. വളവന്നൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത്  നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുലൈഖ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ടി.കെ സാബിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹനീഫ പുതുപറമ്പ്,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date