Skip to main content

കളക്ടേഴ്‌സ് @ സ്‌കൂള്‍ മുതുവല്ലൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു

വിദ്യാര്‍ഥികള്‍ക്ക് മാലിന്യ സംസ്‌ക്കരണത്തിന്റെ നല്ല പാഠങ്ങള്‍ പകര്‍ന്ന്  നല്‍കുന്നതിനായി ശുചിത്വ മിഷന്‍ ആരംഭിച്ച കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലും നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ചുള്ളിക്കോട് ഗവണ്‍മെന്റ് സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളില്‍ ശുചിത്വ ശീലം വളര്‍ത്തുന്നതിനായി പഞ്ചായത്തിലെ 13 സ്‌കൂളുകളില്‍ 52 കളക്ഷന്‍ ബോക്‌സ് സ്ഥാപിച്ചു. 
മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിന്റെ പ്രാധ്യാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയാണ് കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി. സമൂഹത്തിന്റെ വലിച്ചെറിയല്‍ മനോഭാവത്തിന് പുതു തലമുറയിലൂടെ മാറ്റം വരുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 
പെറ്റ് ബോട്ടിലുകള്‍, ഹാര്‍ഡ് ബോട്ടിലുകള്‍, മില്‍ക്ക് പാക്കറ്റുകള്‍ പേപ്പറുകള്‍ എന്നീ നാല് തരം അജൈവ വസ്തുക്കള്‍ ബിന്നുകളില്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേന വഴിയാണ് നിര്‍മാര്‍ജ്ജനം ചെയ്യുന്നത്. ജില്ലയിലെ 90 ഓളം പഞ്ചായത്തുകളില്‍ കളക്ടേഴ്‌സ്  @ സ്‌കൂള്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. നല്ല വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം കുട്ടികളെ ശുചിത്വ ശീലരാക്കുക എന്ന ബൃഹത്തായ ലക്ഷ്യമാണ് കളക്ടേഴ്‌സ് @ സ്‌കൂളിലുടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
 

date