Skip to main content

ലഹരിവിരുദ്ധ സന്ദേശവുമായി 'മാന്ത്രികപ്പെട്ടി' തെരുവ് നാടകം ശ്രദ്ധേയമായി

യുവതലമുറ ലഹരിക്കടിമപ്പെടുന്നതിലെ അപകടത്തെയും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന നഷ്ടവും തെരുവ് നാടകത്തിലൂടെ അവതരിപ്പിച്ച് വ്യത്യസ്തരാവുകയാണ് ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍.  സ്‌കൂള്‍ അധ്യാപകനായ നിതിന്‍ ജൗഹറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'മാന്ത്രികപ്പെട്ടി' എന്ന തെരുവ് നാടകത്തിലൂടെയാണ് ലഹരി വിരുദ്ധ സന്ദേശവുമായി കുട്ടികള്‍ വ്യത്യസ്തരാകുന്നത്. വിമുക്തിമിഷന്റെ സഹകരണത്തോടെ  കലക്ടറേറ്റ് പരിസരത്ത് അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകലക്ടര്‍ ജാഫര്‍മലിക് നിര്‍വഹിച്ചു.
എട്ട്, ഒന്‍പത് ക്ലാസുകളിലെ 22 കുട്ടികളടങ്ങിയ സംഘമാണ്  തെരുവ് നാടകം അവതരിപ്പിക്കുന്നത്. വേങ്ങര ഉപജില്ലയിലെ 19 യു.പി സ്‌കൂള്‍ കേന്ദ്രീകരിച്ച് സംഘം തെരുവ് നാടകം അവതരിപ്പിക്കും. സ്‌കൂളിലെ അധ്യാപകരായ ടി.സിദ്ദീഖ്, കെ.സുഹൈല്‍, സി.ഷാജി, സ്‌കൂള്‍ പി.ടി.എ അംഗം പൂക്കുത്ത് മുജീബ് തുടങ്ങിയവരുടെ പിന്തുണയും തെരുവ് നാടകത്തിനുണ്ട്. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ വിമുക്തി മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഹരികുമാര്‍, ജില്ലാകോര്‍ഡിനേറ്റര്‍ അഡ്വ.സപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

date