Skip to main content

അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ സമാപന സമ്മേളനം എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു

 

ഏക് ഭാരത് ശ്രേഷ്ട് ഭാരത് എന്ന പദ്ധതിയില്‍ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ കേരള സംഘടിപ്പിക്കുന്ന ഹിമാചല്‍ പ്രദേശ്-കേരളം അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ സമാപന സമ്മേളനം ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്ഹില്‍ ഗവ.യൂത്ത് ഹോസ്റ്റലില്‍ നടന്ന 15 ദിന സഹവാസ ക്യാമ്പില്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡി,ധര്‍മശാല,ഹമിര്‍പ്പൂര്‍,ഉന, ബിലാസ്പുര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള 50 യുവതീയുവാകളും കേരളത്തിലെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിലെ 50 യുവതീയുവാകളും ആണ് പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായി ടൗണ്‍ ഹാളില്‍ കലാപരിപാടികളും വെസ്റ്റ്ഹില്‍ താമരക്കുളം ശുചീകരിക്കുകയും ഫുഡ് ഫെസ്റ്റിവല്‍, ഓണാഘോഷം, കായികോത്സവം എന്നിവ നടത്തുകയും ചെയ്തു.

ജില്ലാ കലക്ടര്‍ എസ്.സംബശിവ റാവു, സാഹിത്യകാരന്മാരായ യു.കെ. കുമാരന്‍, പി.കെ.ഗോപി തുടങ്ങിയവരോട് ക്യാമ്പ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. കാമ്പുറം ബീച്ചില്‍ കലക്ടറോടൊപ്പം ബീച്ച് വൃത്തിയാക്കുകയും കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

ഈസ്റ്റ്ഹില്‍ ഗവ.യൂത്ത് ഹോസ്റ്റലില്‍ നടന്ന സമ്മേളനത്തില്‍ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ കേരള സ്റ്റേറ്റ് ഡയറക്ടര്‍ ശ്രീ. കെ.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്യാമ്പംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ സനൂപ്.സി സ്വാഗതവും പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.
 

date