Skip to main content

കൃഷി-അനുബന്ധ മേഖല കര്‍ഷകര്‍ക്ക് വായ്പ ഉറപ്പാക്കണം

 

    ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍സമ്മാന്‍നിധി (പിഎംകിസാന്‍ ) ഗുണഭോക്താക്കള്‍ക്കും അനുബന്ധമേഘലകളായ മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയിലുള്‍പ്പെട്ട കര്‍ഷകര്‍ക്കും 'കിസാന്‍ക്രെഡിറ്റ്കാര്‍ഡ് 'വഴിയുള്ള കാര്‍ഷികവായ്പ ഉറപ്പാക്കണമെന്ന്  ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പദ്ധതി നിര്‍വഹണത്തിനായി ലീഡ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനവകുപ്പ് തുടങ്ങിയവയുടെ സംയുക്തസഹകരണത്തോട് കൂടിയാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍നിധി യോജനയില്‍ സാമ്പത്തിക സഹായം ലഭിച്ച എല്ലാ കര്‍ഷകര്‍ക്കും ഫെബ്രുവരി 24ന് മുന്‍പായി നിബന്ധനകള്‍ക്ക്  വിധേയമായി കെ.സി.സി വായ്പ ലഭ്യമാക്കും. പദ്ധതി പൂര്‍ത്തീകരണത്തിനായി ഓരോ ബാങ്കിനും ടാര്‍ജറ്റ്  നല്‍കി.  മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും കെസിസി വായ്പ ലഭിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് നാല് ശതമാനമാണ് പലിശ.

    1,10,000 രൂപവരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യ-സഹകരണ-ഗ്രാമീണ ബാങ്ക് ശാഖകള്‍ മുഖേനയും വായ്പ ലഭ്യമാണ്. ഇതുവരെ വായ്പയെടുക്കാത്ത അര്‍ഹതപ്പെട്ട കര്‍ഷകര്‍   അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് വായ്പക്കുള്ള അപേക്ഷ സമര്‍പ്പിക്കണം. കെസിസി വായ്പ്പാ അപക്ഷകള്‍ ബാങ്കുകള്‍ അനുഭാവപൂര്‍വം സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ലീഡ്ബാങ്ക്, നബാര്‍ഡ്, മറ്റ് ബാങ്ക് പ്രതിനിധികള്‍, കൃഷി-മൃഗസംരക്ഷണ-മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 128/2020)

date